
ടെക്‌സസസ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രമേയമാക്കിയ ടെക്‌സസിലെ ഹാംബര്‍ഗര്‍ റസ്റ്റോറന്റ് ശൃംഖലയുടെ ഉടമയേയും നാടുകടത്താന്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥര്‍ ഒരുങ്ങുന്നു. ഇദ്ദേഹത്തെ അനധികൃത കുടിയേറ്റം ആരോപിച്ച് അറസ്റ്റുചെയ്തിരുന്നു.
ട്രംപ് ബര്‍ഗര്‍ റസ്റ്റോറന്റ് ശൃംഖലയുടെ സഹ ഉടമയായ 28 കാരനായ റോളണ്ട് മെഹ്രെസ് ബെയ്നി 2019 ല്‍ ലെബനനില്‍ നിന്നാണ് അമേരിക്കയിലെത്തിയത്. ഒരു കുടിയേറ്റക്കാരനല്ലാത്ത സന്ദര്‍ശകനായി അമേരിക്കയില്‍ പ്രവേശിച്ചതിനാല്‍ അമേരിക്കയില്‍ നിന്ന് പുറത്താക്കല്‍ നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2024 ഫെബ്രുവരി 12 ന് അദ്ദേഹം അമേരിക്ക വിടേണ്ടതായിരുന്നുവെന്ന് ഐസിഇ വക്താവ് ദി ഗാര്‍ഡിയനോട് പറഞ്ഞു.
ട്രംപ് ബര്‍ഗര്‍ ശൃംഖല ആരംഭിച്ച് അഞ്ച് വര്‍ഷത്തിന് ശേഷം മെയ് 16 ന് ബെയ്‌നിയെ ഐസിഇ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയും ഇമിഗ്രേഷന്‍ നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്തു. ”നിലവിലെ ഭരണകൂടത്തിന് കീഴില്‍, നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുകയോ പ്രവേശന നിബന്ധനകള്‍ ലംഘിച്ച് താമസിക്കുകയോ ചെയ്യുന്ന എല്ലാ വ്യക്തികളെയും പുറത്താക്കാന്‍ ഐസിഇ പ്രതിജ്ഞാബദ്ധമാണ്,- ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു. ‘വ്യാജ’ വിവാഹത്തിലൂടെ നിയമപരമായ കുടിയേറ്റ പദവി നേടാന്‍ ബെയ്നി ശ്രമിച്ചതായി ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പും ഐസിഇയും ആരോപിക്കുന്നു.