
തിരുവനന്തപുരം : ട്രെയിൻ യാത്രയ്ക്കിടയിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു. 40,000 രൂപയും ആഭരണങ്ങളും പണവുമുൾപ്പെടെയാണ് നഷ്ടപ്പെട്ടത്.
മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കൊൽക്കത്തയിൽ നിന്ന് ബിഹാറിലെ സമസ്തിപൂരിലേക്ക് ട്രെയിനിൽ (എസി കോച്ച്) യാത്ര ചെയ്യുമ്പോഴായിരുന്നു മോഷണം. ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്.
വളരെ ഞെട്ടിപ്പിച്ച അനുഭവമായിരുന്നു ഉണ്ടായതെന്നും ഉറങ്ങുമ്പോൾ തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നത്. എഴുന്നേറ്റ് നോക്കിയപ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നു. ചെയിൻ വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല. ആ ബോഗിയില്‍ യാത്ര ചെയ്തിരുന്ന മറ്റു ചിലരുടെ പേഴ്സുകളും നഷ്ടപ്പെട്ടിരുന്നു- ശ്രീമതി ദുരനുഭവം പങ്കുവെച്ചു. ലോക്സഭാ ഐഡന്റിറ്റി കാർഡ് ഉൾപ്പെടെയുള്ള പ്രധാന രേഖകളും ബാഗിനൊപ്പം നഷ്ടപ്പെട്ടു.
സംഭവം നടന്നയുടനെ ടിടിയെ നോക്കിയപ്പോൾ കണ്ടില്ലെന്നും ബിഹാറിലെ ദൽസിങ്സാരായി റെയിൽവേ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. റെയിൽവേ പൊലീസിന്റെയും ജീവനക്കാരുടെയും ഭാഗത്തുനിന്ന് നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്നും പി.കെ ശ്രീമതി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയുമായിരുന്നുവെന്നും തുടർന്ന് ഡിജിപി ഉൾപ്പെടെയുള്ളവർ ഇടപെട്ടെന്നും ശ്രീമതി പറഞ്ഞു. സംഭവത്തിൽ പരാതി നല്‍കിയിട്ടുണ്ട്.
P.K. Sreemathi’s bag stolen during train journey.














