‘എല്ലാ കാലാവസ്ഥയിലെയും സുഹൃത്ത്’; വീണ്ടും പാകിസ്ഥാനെ പിന്തുണച്ച് ചൈന, ഏതന്വേഷണത്തെയും സ്വാഗതം ചെയ്യും

ബെയ്ജിംഗ്: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനെ പിന്തുണച്ച് വീണ്ടും ചൈന രംഗത്ത്. നീതിയുക്തമായ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ പ്രതികരിച്ചത്. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും കൂടിയാലോചനകളിലൂടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു. എന്നാൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിൻ്റെ നിലപാടിനുള്ള പിന്തുണയാണ് ചൈന നൽകുന്നത്. എല്ലാ കാലാവസ്ഥയിലെയും സുഹൃത്ത് എന്നാണ് ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ പാകിസ്ഥാനെ ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. തേനിനേക്കാള്‍ മധുരമുള്ള ബന്ധമാണ് ചൈനയുമായെന്നാണ് പാക് മുൻ പ്രധാനമന്ത്രി നവാസ് ഫെരീഫ് ഒരു കാലത്ത് അവകാശപ്പെട്ടത്.

ചൈന കമ്യൂണിസത്തിലേക്ക് വഴിമാറിയതിന് ശേഷം ആദ്യം അംഗീകരിച്ച മുസ്ലീം രാജ്യമാണ് പാകിസ്ഥാന്‍. സോവിയറ്റ് യൂണിയനുമായുള്ള ചൈനീസ് ബന്ധം തകര്‍ന്നതോടെ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ചൈനയുമായുള്ള പാലമായി പാകിസ്ഥാന്‍ മാറി. 1962ലെ യുദ്ധത്തോടെ പാകിസ്ഥാനും ചൈനക്കും പൊതു ശത്രുവായി ഇന്ത്യ മാറി. 1963ല്‍ കശ്മീരിലെ രണ്ടായിരം ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന പാകിസ്ഥാന് കൈമാറി. പകരം ലഡാക്കിലെ ഇന്ത്യക്ക് അവകാശപ്പെട്ട പ്രദേശം പാകിസ്ഥാന്‍ ചൈനക്ക് കാഴ്ചവച്ചു. 1965, 71ലെയും ഇന്ത്യ പാക് യുദ്ധങ്ങളില്‍ ചൈന പാകിസ്ഥാന്‍റെ കൂടെ നിന്നു. ഇന്ത്യ ആണവ പരീക്ഷണം നടത്തിയതോടെ പാകിസ്ഥാന് അണുബോംബ് ഉണ്ടാക്കാനുള്ള യുറേനിയവും സാങ്കേതിക വിദ്യയും ചൈന കൈമാറി.

More Stories from this section

family-dental
witywide