
ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ കടുത്ത നടപടികള്‍ക്കെതിരെ പാകിസ്ഥാന്‍ രംഗത്ത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗം ഇന്ന് ചേരും. ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നല്‍കുമെന്നാണ് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ് ഇസ്ലാമാബാദില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇന്ത്യയിലെ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്കിന് എന്ത് തെളിവാണുള്ളതെന്ന് ചോദിച്ച അദ്ദേഹം പാക് സേനകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയെന്നും വ്യക്തമാക്കി.
പാക്കിസ്ഥാനാണ് ഭീകരവാദത്തിന്റെ വലിയ ഇരകളില്‍ ഒന്നെന്നും ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യം ഇന്ത്യയാണെന്ന പ്രതികരണവും പാക് മന്ത്രിയില്‍ നിന്നുമുണ്ടായി. മാത്രമല്ല, ഇന്ത്യയുടെ നടപടിയില്‍ പ്രതിഷേധം അറിയിക്കാന്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ ഇന്ന് പാകിസ്ഥാന്‍ വിളിച്ചു വരുത്തുമെന്നും സൂചനയുണ്ട്.
ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത സിന്ധു നദീ ജല കരാര്‍ 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം പാകിസ്ഥാന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. പാക് പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി വച്ച ഇന്ത്യ, വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടക്കുമെന്നും അറിയിച്ചു.