
ലണ്ടൻ: പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് തലസ്ഥാന നഗരമായ ലണ്ടനിലെ പാകിസ്ഥാൻ ഹൈകമീഷനുനേരെ ആക്രമണം. ജനൽ ചില്ലുകൾ തകർത്തു. സംഭവത്തിൽ 41കാരനായ അങ്കിത് ലവിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ലണ്ടനിൽ ഇന്ത്യൻ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂറ്റൻ പ്രതിഷേധ റാലിയാണ് നടന്നത്. 500ഓളം പേർ പങ്കെടുത്തു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പതാകയും ബാനറുകളും പ്ലക്കാർഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
ഇതിനിടെ, പ്രതിഷേധിച്ച ഇന്ത്യക്കാരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ പാകിസ്ഥാൻ ഹൈകമീഷൻ ഉദ്യോഗസ്ഥരിൽ നിന്നുമുണ്ടായി. ഇന്ത്യക്കാർക്കുനേരെ പാക് ആർമി അറ്റാഷെ കേണൽ തൈമൂർ റാഹത്ത് കഴുത്തറുക്കുമെന്ന് ആംഗ്യം കാണിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രതിഷേധക്കാരുടെ മുദ്രാവാക്യം വിളികളെ പ്രതിരോധിക്കാനും പരിഹസിക്കാനും പാക് ഹൈകമീഷനിലെ ഉദ്യോഗസ്ഥർ ഉച്ചത്തിൽ പാട്ടു വെക്കുകയും ബഹളം വെക്കുകയും ചെയ്യുകയായിരുന്നു. പാകിസ്ഥാൻ കശ്മീരികൾക്കൊപ്പമാണെന്ന് എഴുതിയ ബാനർ കെട്ടിടത്തിൽ കെട്ടിയിരുന്നു. ഇന്ത്യക്ക് കൈമാറിയ വ്യോമസേന പൈലറ്റ് അഭിനന്ദൻ വർധമാന്റെ ചിത്രം പതിച്ച ബോർഡ് പാക് സൈനിക ഉദ്യോഗസ്ഥന് ഉയർത്തിക്കാണിക്കുകയും ചെയ്തു.















