
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം വര്‍ഗീയ വിദ്വേഷം പ്രചിരിപ്പിച്ചെന്ന് കാട്ടി 16 പാകിസ്ഥാനി യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ജിയോ ന്യൂസ്, ഡോണ്‍, റാഫ്തര്‍, ബോള്‍ ന്യൂസ്, എആര്‍വൈ ന്യൂസ്, സമ ടിവി, സുനോ ന്യൂസ് തുടങ്ങിയ പ്രമുഖ വാര്‍ത്താ ഏജന്‍സികളുടെ യൂട്യൂബ് ചാനലുകള്‍ നിരോധിക്കപ്പെട്ട പ്ലാറ്റ്ഫോമുകളില്‍ ഉള്‍പ്പെടുന്നു. കൂടാതെ, മുനീബ് ഫാറൂഖ്, ഉമര്‍ ചീമ, അസ്മ ഷിറാസി, ഇര്‍ഷാദ് ഭട്ടി തുടങ്ങിയ പ്രശസ്ത പത്രപ്രവര്‍ത്തകരുടെ യൂട്യൂബ് ചാനലുകളും നിരോധിക്കപ്പെട്ടു. ഉസൈര്‍ ക്രിക്കറ്റ്, ദി പാകിസ്ഥാന്‍ റഫറന്‍സ്, റാസി നാമ, സമ സ്‌പോര്‍ട്‌സ് എന്നിവയാണ് മറ്റ് നിരോധിത അക്കൗണ്ടുകള്‍.
പ്രകോപനപരവും വര്‍ഗീയത പ്രചരിപ്പിക്കുന്നതുമായ ഉള്ളടക്കത്താല്‍ ഇന്ത്യയെയും ഇന്ത്യന്‍ സൈന്യത്തെയും സുരക്ഷാ ഏജന്‍സികളെയും ഈ യൂട്യൂബ് ചാനലുകള്‍ ലക്ഷ്യം വെച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് അയല്‍രാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഈ നടപടി.