
ശ്രീനഗർ: 2025 ഏപ്രിൽ 22ന് പഹൽഗാം ബൈസാരൻ മേഖലയിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. പാകിസ്താൻ കേന്ദ്രീകൃത ലഷ്കർ ഇ തൊയ്ബ (LeT)യാണ് ആക്രമണം ആസൂത്രണം ചെയ്തതെങ്കിൽ അതിന്റെ പോഷക സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (TRF) വഴി നടപ്പാക്കിയെന്നാണ് 1,597 പേജുള്ള കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ലഷ്കറിന്റെ പ്രധാന കമാൻഡർ സാജിദ് ജട്ടിനാണ് ആക്രമണത്തിന്റെ മുഖ്യ ചുമതലയുണ്ടായിരുന്നതെന്നും എൻഐഎ ആരോപിക്കുന്നു.
കുറ്റപത്രത്തിൽ ജൂലൈയിൽ ശ്രീനഗറിനടുത്ത് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് പാകിസ്താൻ ഭീകരർ – ഫൈസൽ ജട്ട് അലിയാസ് സുലൈമാൻ ഷാ, ഹബീബ് താഹിർ (ജിബ്രാൻ), ഹംസ അഫ്ഗാനി – എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ മതാടിസ്ഥാനത്തിൽ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതടക്കമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
ആക്രമണത്തിന് സഹായം നൽകിയെന്ന ആരോപണത്തിൽ ജൂണിൽ അറസ്റ്റ് ചെയ്ത പ്രാദേശിക താമസക്കാരായ പർവേസ് അഹമ്മദ് ജോതാർ, ബഷീർ അഹമ്മദ് ജോതാർ എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. പാകിസ്താനിലേക്ക് നീളുന്ന ഗൂഢാലോചനയാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്ന് എൻഐഎ വ്യക്തമാക്കി. ലഷ്കറിനെയും ടിആർഎഫിനെയും സംഘടനകളായി തന്നെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.











