പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ, ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ സാജിദ് ജാട്ട്

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ ജമ്മുവിലെ എൻഐഎ കോടതിയിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ഇന്ത്യക്കെതിരെ നിരന്തരം ഭീകരവാദം സ്പോൺസർ ചെയ്യുന്ന പാകിസ്താനിലേക്കാണ് കേസിന്റെ ഗൂഢാലോചന നീളുന്നതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതെന്ന് എൻഐഎ വ്യക്തമാക്കുന്നു. ഭീകരാക്രമണം നടന്ന് ഏഴു മാസങ്ങൾക്ക് ശേഷമാണ് എൻഐഎ കുറ്റപത്രം സമർപ്പിക്കുന്നത്. സാജിദ് ജാട്ടാണ് ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ എന്ന് കുറ്റപത്രത്തില്‍ പറയുന്നു. അറസ്റ്റിലായ പർവേസ് അഹമദും, ബഷീർ അഹമ്മദും ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് ചോദ്യം ചെയ്യലിൽ വിശദാംശങ്ങൾ നൽകിയെന്ന് എൻഐഎ വ്യക്തമാക്കി.

പാകിസ്‌താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്‌കറെ ത്വയ്ബ (LET), അതിന്റെ പോഷക സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (TRF) എന്നീ ഭീകര സംഘടനകൾ ഉൾപ്പെടെ ഏഴ് പ്രതികൾക്കെതിരെയാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ലഷ്കറെ ത്വയ്ബ ആസൂത്രണം ചെയ്‌ത ആക്രമണം ടിആർഎഫ് വഴി നടപ്പാക്കിയെന്നാണ് ഇതിൽ പറയുന്നത്.

1,597 പേജുള്ള കുറ്റപത്രത്തിൽ ജൂലായിൽ ശ്രീനഗറിന് സമീപം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാകിസ്ത‌ാൻ ഭീകരരായ സുലൈമാൻ ഷാ, ഹബീബ് താഹിർ (ജിബ്രാൻ എന്നും അറിയപ്പെടുന്നു), ഹംസ അഫ്ഗാനി എന്നിവരെയും എൻ.ഐ.എ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ എൻഐഎ ചുമത്തിയിട്ടുണ്ട്.

കൂടാതെ, പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് തീവ്രവാദികൾക്ക് സഹായം നൽകിയെന്നാരോപിച്ച് ജൂൺ 22-ന് എൻഐഎ അറസ്റ്റ് ചെയ്‌ത പർവേസ് അഹമ്മദ്, ബഷീർ അഹമ്മദ് എന്നിവരെയും സംശയനിഴലിലാണെന്ന് ചൂണ്ടിക്കാട്ടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 350 പ്രദേശവാസികളെ ഉൾപ്പെടെ രണ്ടായിരത്തോളം പേരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും തെളിവുകളോടൊപ്പം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഏപ്രിൽ 22-നാണ് പഹൽഗാമിൽ ഭീകരാക്രമണം നടന്നത്.

Pahalgam terror attack; NIA files chargesheet, names Sajid Jat as mastermind of attack

More Stories from this section

family-dental
witywide