
ലണ്ടൻ: പഹല്‍ഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാനെതിരെ കടുത്ത വിമർശനം ഉയരുന്നതിനിടെ പ്രകോപനവുമായി ലണ്ടനിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ ഉന്നത ഉദ്യോഗസ്ഥൻ. 26 പേർ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ലണ്ടനില്‍ പ്രതിഷേധിച്ച ഇന്ത്യക്കാരെ പ്രകോപിപ്പിക്കുകയായിരുന്നു പാക് ഹൈകമ്മീഷൻ ഉദ്യോഗസ്ഥൻ.
ലണ്ടനിലെ പാകിസ്ഥാൻ ഹൈക്കമീഷന് മുന്നിലെ പ്രതിഷേധത്തിനിടെ ഓഫീസിന്‍റെ ബാല്‍ക്കണിയിലേക്ക് വന്ന പാക്കിസ്ഥാൻ ഡിഫൻസ് അറ്റാഷെ തൈമൂര്‍ റാഹത്താണ് പ്രകോപനം ഉണ്ടാക്കുന്ന ആംഗ്യം കാട്ടിയത്. സമരക്കാരെ ചൂണ്ടിയ ശേഷം കഴുത്തറുത്തുകളയുമെന്ന ആംഗ്യമാണ് തൈമൂര്‍ റാഹത്ത് കാണിച്ചത്.
പാകിസ്ഥാനില്‍ പിടിയിലായ ശേഷം ഇന്ത്യക്ക് കൈമാറിയ ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർത്തമാന്‍റെ പോസ്റ്ററും കയ്യില്‍ പിടിച്ചായിരുന്നു തൈമൂര്‍ റാഹത്ത് കഴുത്തറുത്തുകളയുമെന്ന ആംഗ്യം കാണിച്ചത്. കേണല്‍ തൈമൂർ റാഹത്ത് രണ്ട് കൈകളും കൊണ്ട് അഭിനന്ദന്‍റെ പോസ്റ്റർ ഉയർത്തിപ്പിടിച്ച ശേഷം, ഒരു കൈ പെട്ടെന്ന് താഴ്ത്തി പ്രതിഷേധക്കാർക്ക് നേരെ കഴുത്തറുത്തുകളയുമെന്ന ആംഗ്യം കാണിക്കുന്നതിന്‍റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. സമാധാനപരമായി നടന്ന പ്രതിഷേധത്തിന് നേരെയായിരുന്നു ഇയാളുടെ പ്രകോപനം. ഇതിന് പിന്നാലെ സ്ഥലത്ത് നേരിയ തോതില്‍ സംഘർഷാവസ്ഥയുണ്ടായെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.