
ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ മെയ് 10 ന് വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
നരേന്ദ്ര മോദിയുമായി താന്‍ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ കമ്ര വ്യോമതാവളത്തില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഷെഹ്ബാസിന്റെ പ്രസ്താവന. സമാധാനത്തിനുള്ള വ്യവസ്ഥകളില്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതും ഉള്‍പ്പെടുമെന്നും ഷെഹ്ബാസ് കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഒരു വിഭാഗമായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുക്കുകയും ചെയ്തിരുന്നു.
പിന്നാലെ, മെയ് 7 ന്, ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി, പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ച് തകര്‍ത്തിരുന്നു. തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും ഡ്രോണുകള്‍, മിസൈലുകള്‍, ദീര്‍ഘദൂര ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ച് നാല് ദിവസത്തെ തീവ്രമായ സായുധ ഏറ്റുമുട്ടല്‍ നടത്തുകയും പിന്നാലെ മെയ് 10 ന് സൈനിക നടപടി അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഉഭയകക്ഷി ധാരണയിലെത്തുകയും ചെയ്തിരുന്നു.















