ഇസ്രയേൽ-ഖത്തർ സംഘർഷവും ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങളും ചർച്ചയാകുമോ? വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങുകയാണ് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സൈനിക മേധാവി ജനറൽ അസിം മുനീറും. സെപ്റ്റംബർ 25-ന് ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസമ്മേളനത്തോടനുബന്ധിച്ചാണ് ഈ കൂടിക്കാഴ്ച നടക്കുന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്താനിലെ പ്രളയം, ഇസ്രയേൽ-ഖത്തർ സംഘർഷം, ഇന്ത്യയുമായുള്ള നയതന്ത്ര വിഷയങ്ങൾ എന്നിവ ചർച്ചയാകുമെന്നാണ് സൂചന. എന്നാൽ, കൂടിക്കാഴ്ചയെക്കുറിച്ച് വാഷിങ്ടണിലെ പാക് എംബസിയോ പാക് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗമോ ഔദ്യോഗിക പ്രസ്താവനകൾ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

ജനറൽ അസിം മുനീറും ട്രംപും തമ്മിലുള്ള അടുത്ത ബന്ധം നേരത്തെ തന്നെ ചർച്ചയായിട്ടുണ്ട്. മുനീർ നേരത്തെ നടത്തിയ യുഎസ് സന്ദർശനങ്ങളും വൈറ്റ് ഹൗസിൽ ട്രംപ് നൽകിയ വിരുന്നും ശ്രദ്ധേയമായിരുന്നു. പാക് പ്രധാനമന്ത്രിയേക്കാൾ സൈനിക മേധാവിയെ ട്രംപ് കൂടുതൽ പരിഗണിക്കുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ഇത് പാകിസ്താനിൽ സൈനിക ഭരണത്തിന്റെ സാധ്യതയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു.

ഈ കൂടിക്കാഴ്ചയിലൂടെ പാക്-യുഎസ് ബന്ധം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുമായുള്ള നയതന്ത്ര വിഷയങ്ങൾ ചർച്ചയാകുമെങ്കിലും, ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. പാകിസ്താന്റെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളും ഈ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

More Stories from this section

family-dental
witywide