
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സംഘർഷത്തിൽ വെടിനിർത്തൽ ധാരണയുണ്ടാക്കാൻ ഇടപെട്ടതിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് പാകിസ്ഥാൻ. കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നുള്ള ട്രംപിന്റെ വാഗ്ദാനം ഏറ്റെടുത്ത പാകിസ്ഥാൻ ഇതുമായി മുന്നോട്ടു പോകണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ധാരണ യുഎസ് ഇടപെട്ടിട്ടാണെന്നും കശ്മീർ തർക്കം പരിഹരിക്കാൻ മധ്യസ്ഥനാകാമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ട്രംപിന്റെ അവകാശവാദം ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പാകിസ്ഥാന്റെ നിലപാടിന് പ്രസക്തിയേറും. സമാധാനം സ്ഥാപിച്ചതിന് യുഎസ് നേതൃത്വത്തിന് നന്ദി പറഞ്ഞ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഇത് ഒരു പുതിയ തുടക്കം കുറിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
”പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സമീപകാല വെടിനിർത്തൽ ധാരണയെ പിന്തുണയ്ക്കുന്നതിൽ മറ്റ് സൗഹൃദ രാജ്യങ്ങളോടൊപ്പം യുഎസ് വഹിച്ച ക്രിയാത്മകമായ പങ്ക് ഞങ്ങൾ അംഗീകരിക്കുന്നു. ഇത് സംഘർഷം ലഘൂകരിക്കുന്നതിനും പ്രാദേശിക സ്ഥിരതയിലേക്കുമുള്ള ഒരു ചുവടുവയ്പ്പാണ്” എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞതിങ്ങനെയാണ്.