
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇരട്ട സ്ഫോടനങ്ങളുടെ പിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇസ്ലാമാബാദ് കോടതിക്ക് സമീപം 12 പേർ മരിച്ച ചാവേറാക്രമണത്തിനും, അഫ്ഗാൻ അതിർത്തിക്കടുത്തുള്ള വാനയിലെ കേഡറ്റ് കോളേജിലെ ആക്രമണത്തിനും പിന്നിൽ ഇന്ത്യയുടെ ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
‘ഇന്ത്യൻ പിന്തുണയുള്ള ഭീകര ഗ്രൂപ്പുകളാണ്’ ഇരട്ട ആക്രമണങ്ങൾ നടത്തിയതെന്ന് പാകിസ്ഥാൻ സർക്കാർ വാർത്താ ഏജൻസിയായ എപിപി റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനെ അസ്ഥിരമാക്കാൻ ഉദ്ദേശിച്ച ഇന്ത്യയുടെ ‘സ്റ്റേറ്റ് സ്പോൺസേർഡ് ടെററിസത്തിന്റെ’ ഭാഗമാണ് ഈ ആക്രമണങ്ങൾ, എന്ന് ഷെഹബാസ് ഷെരീഫ് ആരോപിച്ചു. ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ, യാതൊരു തെളിവുകളും നൽകാതെയാണ് ഷെരീഫ് ഇന്ത്യയെ കുറ്റപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദികൾ ഇസ്ലാമാബാദിൽ ആക്രമണം നടത്തിയെന്നും, അഫ്ഗാൻ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന അതേ ഗ്രൂപ്പ് തന്നെയാണ് വാനയിൽ നിരപരാധികളായ കുട്ടികളെ ആക്രമിച്ചതെന്നുമാണ് ഷെരീഫ് ആരോപിച്ചത്. ഇന്ത്യൻ രക്ഷാകർതൃത്വത്തിൽ അഫ്ഗാൻ മണ്ണിൽ നിന്ന് നടക്കുന്ന ഈ ആക്രമണങ്ങളെ അപലപിക്കാൻ വാക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍, ഇസ്ലാമാബാദ് കാർ ബോംബ് സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് പാക് പ്രധാനമന്ത്രിയുടെ ആരോപണം തള്ളി ഇന്ത്യ. ഷഹബാസ് ഷരീഫ് നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വന്തം പൗരന്മാരെ തെറ്റിധരിപ്പിക്കാനുള്ള പതിവ് തന്ത്രം മാത്രമാണിത്. അന്താരാഷ്ട്ര സമൂഹത്തിന് യാഥാർഥ്യം അറിയാമെന്നും ശ്രദ്ധ മാറ്റാനുള്ള പാക് തന്ത്രങ്ങളിൽ ലോകരാജ്യങ്ങൾ വീഴില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
















