
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക് വ്യോമസേനയുടെ അഞ്ച് യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ഇന്ത്യന്‍ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തല്‍. ഓപ്പറേഷന്‍ സിന്ദൂരില്‍ അഞ്ച് യുദ്ധവിമാനങ്ങളും മറ്റൊരു വലിയ വിമാനവും ഉള്‍പ്പെടെ ആറ് പാകിസ്ഥാന്‍ വിമാനങ്ങളാണ് വെടിവച്ചിട്ടതെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിംഗ് സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഇതോടെ ഉത്തരമായി.
ആകാശത്ത് തകര്‍ന്ന ആറ് വിമാനങ്ങള്‍ക്ക് പുറമേ, പാക് വ്യോമതാവളങ്ങളില്‍ നടത്തിയ ആക്രമണത്തിലും വിമാനങ്ങളും കെട്ടിടങ്ങളും തകര്‍ന്നിരുന്നു. ഇതാദ്യമായാണ് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വ്യോമസേനാ മേധാവി പ്രതികരിക്കുന്നത്. എസ്400 പ്രതിരോധ സംവിധാനം യുദ്ധവിമാനങ്ങളെ തകര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ നടന്ന ഒരു പരിപാടിക്കിടെ സംസാരിക്കവെയാണ് സിംഗ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മുമ്പ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഓപ്പറേഷന്‍ സിന്ദൂറിനിടെ മൂന്നോ നാലോ വിമാനങ്ങള്‍ വെടിവെച്ചിട്ടു എന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടേതാണോ പാക്കിസ്ഥാന്റേതാണോ എന്ന് വ്യക്തമാക്കാതെയായിരുന്നു ട്രംപ് ഈ പരാമര്‍ശം നടത്തിയത്. ഇതില്‍ വ്യക്തതവരുത്തണമെന്ന് കാട്ടി പ്രതിപക്ഷവും മോദി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
ഏപ്രില്‍ 22-ന് പാക് ബന്ധമുള്ള ഭീകരര്‍ 26 നിരപരാധികളെ കൊലപ്പെടുത്തിയ പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ വന്‍ സൈനിക നടപടി ഇന്ത്യ നടത്തിയത്. പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു, നൂറിലധികം തീവ്രവാദികളെ വധിക്കുകയും ചെയ്തിരുന്നു.