പാകിസ്ഥാനും മറ്റു രാജ്യങ്ങളും ആണവ പരീക്ഷണം നടത്തുന്നു; അമേരിക്ക പരീക്ഷണം നടത്തേണ്ടത് അനിവാര്യമെന്ന് ഡോണാൾഡ് ട്രംപ്

വാഷിംഗ്ടൺ: പാകിസ്ഥാനും മറ്റു ചില രാജ്യങ്ങളും ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും അതിനാൽ അമേരിക്കക്കും അത്തരമൊരു നീക്കം അനിവാര്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുടെ പുതിയ ആണവായുധ സിസ്റ്റങ്ങളുടെ പരീക്ഷണങ്ങൾക്കുശേഷമാണ് ട്രംപിന്റെ ഈ പ്രതികരണം.

റഷ്യ, ചൈന, ഉത്തരകൊറിയ, പാകിസ്ഥാൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ആണവ പരീക്ഷണങ്ങൾ നടത്തുന്നു. പക്ഷേ അവർ അതിനെപ്പറ്റി സംസാരിക്കുന്നില്ല. നാം തുറന്ന സമൂഹമാണ്, അതിനാൽ നമുക്ക് സംസാരിക്കേണ്ടിവരുന്നു. അവർ ഭൂമിയടിയിൽ രഹസ്യമായി പരീക്ഷണം നടത്തുന്നു, ഞങ്ങൾ അങ്ങനെ ചെയ്യുന്നില്ലെന്നും സിബിസി ന്യൂസിനോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി.

വടക്കൻ കൊറിയയും പാകിസ്ഥാനും പരീക്ഷിക്കുമ്പോൾ ഞങ്ങൾക്കും പരീക്ഷിക്കണം. റഷ്യ, ചൈന, വടക്കൻ കൊറിയ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ പരീക്ഷണങ്ങൾ നടക്കുകയാണെന്നും അമേരിക്കക്ക് അത് അവഗണിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി.

മറ്റു രാജ്യങ്ങൾ എല്ലാം പരീക്ഷിക്കുന്നു. പരീക്ഷിക്കാത്ത ഏക രാജ്യം അമേരിക്കയാണ്, അത് ഞാനാഗ്രഹിക്കുന്നില്ല. അമേരിക്കയ്ക്കാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ആണവായുധങ്ങൾ. ലോകത്തെ 150 പ്രാവശ്യം നശിപ്പിക്കാൻ മതിയാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

അതേസമയം, ഇപ്പോൾ നടത്താനിരിക്കുന്ന പരീക്ഷണങ്ങളിൽ ആണവ സ്ഫോടനം ഉണ്ടാകില്ലെന്നും, ഇവ non-critical പരീക്ഷണങ്ങളായിരിക്കുമെന്നും പുതിയ ആണവ സിസ്റ്റങ്ങളുടെ സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കാനായിരിക്കും ഈ പരീക്ഷണങ്ങൾ ലക്ഷ്യമിടുന്നതെന്നും യുഎസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കി.

Pakistan and other countries are conducting nuclear tests; Donald Trump says it is imperative for the US to conduct tests

More Stories from this section

family-dental
witywide