
ഇസ്ലാമാബാദ് : ഒരു രാജ്യത്തിനോ അല്ലെങ്കില്‍ രണ്ട് രാജ്യങ്ങള്‍ക്കുമെതിരായോ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുന്ന ഒരു പ്രതിരോധ കരാറില്‍ ബുധനാഴ്ച പാകിസ്ഥാനും സൗദി അറേബ്യയും ഒപ്പുവച്ചു. സെപ്റ്റംബര്‍ 9 ന് ഖത്തര്‍ തലസ്ഥാനത്ത് ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ഈ കരാര്‍.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സൗദി സന്ദര്‍ശനത്തോടനുബന്ധിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ‘സ്ട്രാറ്റജിക് മ്യൂച്വല്‍ ഡിഫന്‍സ് എഗ്രിമെന്റ്’ എന്ന് വിളിക്കപ്പെടുന്ന കരാര്‍ ഒപ്പുവച്ചതായി അറിയിച്ചത്. ‘ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വികസിപ്പിക്കുകയും ഏതെങ്കിലും ആക്രമണത്തിനെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് കരാറിന്റെ ലക്ഷ്യം’ എന്ന് പ്രസ്താവനയില്‍ പറയുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ക്ഷണപ്രകാരമാണ് ഷെരീഫ് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്തത്. ഇരു രാജ്യങ്ങളുടെയും സുരക്ഷയ്ക്കും ‘മേഖലയിലും ലോകത്തും സമാധാനത്തിനും’ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇരു കൂട്ടരും അറിയിച്ചു. ഇസ്ലാമാബാദിലേക്ക് എണ്ണ വിതരണം ചെയ്യുന്ന പ്രധാന രാജ്യമായ സൗദി അറേബ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് പാകിസ്ഥാന്‍.