
ഇസ്ലാമാബാദ്: പാകിസ്താന്‍ അറബിക്കടലില്‍ പുതിയ തുറമുഖം നിര്‍മിക്കുന്നതിന് അമേരിക്കയെ ക്ഷണിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെ ഉപദേഷ്ടാക്കള്‍ ഈ ആവശ്യവുമായി അമേരിക്കന്‍ അധികൃതരെ സമീപിച്ചു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഗ്വാദര്‍ ജില്ലയിലുള്ള പസ്നി പട്ടണത്തില്‍ തുറമുഖം നിര്‍മിക്കാനാണ് പദ്ധതി. തുറമുഖത്തിന്റെ നിര്‍മാണത്തിനും നടത്തിപ്പിനുമുള്ള അവകാശം അമേരിക്കയ്ക്ക് നല്‍കാനും സാധ്യതയുണ്ടെന്നാണ് സൂചന.
പസ്നി പട്ടണം ധാതുസമ്പത്തിന് പേര് കേട്ടതാണ്, ഇവിടേക്ക് അമേരിക്കന്‍ നിക്ഷേപകര്‍ക്ക് പ്രവേശനം അനുവദിക്കുന്നതാണ് പദ്ധതിയുടെ ഭാഗം. തുറമുഖം യുഎസ് സൈനിക താവളമായി ഉപയോഗിക്കില്ലെന്നാണ് വിവരം. ധാതുസമ്പന്നമായ പടിഞ്ഞാറന്‍ പ്രവിശ്യയുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന റെയില്‍ ഗതാഗത സംവിധാനത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
കഴിഞ്ഞ സെപ്റ്റംബറില്‍ വൈറ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും ജനറല്‍ അസിം മുനീറും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയിരുന്നു. കൃഷി, സാങ്കേതികവിദ്യ, ഖനനം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ അമേരിക്കന്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ ഈ ചര്‍ച്ചയില്‍ പാകിസ്താന്‍ മുന്നോട്ടുവച്ചിരുന്നു.