
ന്യൂഡല്‍ഹി : പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ അമേരിക്കയില്‍വെച്ച് സംസാരിക്കുന്നതിനിടെ ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് ഭീഷണി നേരിടുകയാണെങ്കില്‍ ഇസ്ലാമാബാദ് ‘ലോകത്തിന്റെ പകുതിയും തകര്‍ക്കും’ എന്നായിരുന്നു മുനീറിന്റെ ഭീഷണി.
വ്യവസായിയും ഓണററി കോണ്‍സുലുമായ അദ്നാന്‍ അസദ് താമ്പയില്‍ സംഘടിപ്പിച്ച ഒരു അത്താഴ വിരുന്നില്‍ പങ്കെടുക്കവെയാണ് മുനീര്‍ ഇത്തരമൊരു ഭീഷണി മുഴക്കിയത്. ‘നമ്മള്‍ ഒരു ആണവ രാഷ്ട്രമാണ്. നമ്മള്‍ താഴേക്ക് പോകുകയാണെന്ന് നമ്മള്‍ കരുതുന്നുവെങ്കില്‍, ലോകത്തിന്റെ പകുതിയും നമ്മള്‍ക്കൊപ്പം കൊണ്ടുപോകും’. – മുനീര്‍ വിരുന്നില്‍ പങ്കെടുത്തവരോട് പറഞ്ഞു. യുനൈറ്റഡ് സ്റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്‍ഡിന്റെ സ്ഥാനമൊഴിയുന്ന കമാന്‍ഡര്‍ ജനറല്‍ മൈക്കിള്‍ കുറില്ലയുടെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎസില്‍ എത്തിയതായിരുന്നു അസിം മുനീര്‍.
ഓപ്പറേഷന്‍ സിന്ദൂറിനുശേഷം രണ്ട് മാസത്തിനിടെ തന്റെ രണ്ടാമത്തെ യുഎസ് സന്ദര്‍ശനത്തിലാണ് മുനീര്‍. ‘ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കും, എന്നിട്ട, പത്ത് മിസൈലുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് നശിപ്പിക്കും,’ എന്നും പ്രകാപനപരമായി മുനീര്‍ ഇന്ത്യക്കെതിരെ സംസാരിച്ചിരുന്നു. ‘സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല… ഞങ്ങള്‍ക്ക് മിസൈലുകള്‍ക്ക് ഒരു കുറവുമില്ല, എന്നും മുനീര്‍ പറഞ്ഞതായി സ്രോതസ്സുകളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.