
കാബൂൾ: അഫ്ഗാൻ – പാക്ക് ബന്ധം കൂടുതൽ വഷളാകുന്നതിനിടെ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തി പാക്ക് സൈന്യം. ബോംബ് ആക്രമണത്തിൽ 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് പറഞ്ഞു. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു തെക്കുകിഴക്കൻ ഖോസ്ക് പ്രവിശ്യയിൽ ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പെഷവാറിൽ ചാവേർ ബോംബ് സ്ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.
പാക്ക് സൈന്യം ജനങ്ങളുടെ വീടിനു നേരെയാണ് ആക്രമണം നടത്തിയതെന്നും ഇതുകൂടാതെ, വടക്കുകിഴക്കൻ മേഖലയിലെ കുനാർ പ്രവിശ്യയിലും കിഴക്കൻ പാക്ടിക പ്രവിശ്യയിലും പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയിട്ടുണ്ടെന്നും താലിബാൻ ആരോപിച്ചു. ഇവിടങ്ങളിൽ 4 പേർക്കു പരുക്കേറ്റു. തുർക്കിയുടെ മധ്യസ്‌ഥതയിൽ പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനും തമ്മിൽ പല തവണ കൂടിക്കാഴ്‌ചകൾ നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. ഇതേത്തുടർന്ന് ഭരണമാറ്റത്തിനു തയാറായിക്കൊള്ളാൻ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന് പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
Pakistan army conducts airstrike in Afghanistan.











