
ഡൽഹി: ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് പാകിസ്ഥാനെതിരെ പ്രായോഗിച്ചെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. മേയ് ഒന്‍പതിനും പത്തിനും പാക് വ്യോമ താവളങ്ങള്‍ ലക്ഷ്യമിട്ട് 15 ബ്രഹ്മോസ് മിസൈലുകള്‍ കുതിച്ചു പാഞ്ഞെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എണ്ണം പറഞ്ഞില്ലെങ്കിലും ബ്രഹ്മോസ് പ്രയോഗിച്ചെന്ന് പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചത്.
ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ –മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായിരുന്നു ഇത്. ശ്രീനഗര്‍, ജമ്മു, പഠാന്‍കോട്ട്, അമൃത്സര്‍, ലുധിയാന, ഭുജ് എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളും മിസൈലുകളും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തിരിച്ചറിയുകയും നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു.
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ഇപ്പോൾ കണ്ടത് ട്രെയ്‌ലർ മാത്രമാണെന്നും സിനിമ ഇനിയാണ് വരാനിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭുജ് വ്യോമ താവളത്തിൽ സംസാരിക്കവേയാണ് രാജ്‌നാഥ് ഇക്കാര്യങ്ങൾ പറഞ്ഞത്.