
ന്യൂഡല്‍ഹി : ചൈനയുടെ ഇടപെടലിലൂടെ അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കവുമായി പാക്കിസ്ഥാന്‍. ഇതിനായി ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തി. ‘പരസ്പര വിശ്വാസം’ ദൃഢമാക്കി മുന്നോട്ടുപോകാന്‍ ഇരുകൂട്ടരും തീരുമാനമായതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പാക്കിസ്ഥാനെ സഹായിക്കുന്നത് ചൈനയുടെ ഇടപെടലാണ്. വെള്ളിയാഴ്ച ചൈനയുടെ മധ്യസ്ഥതയില്‍ ബെയ്ജിങ്ങില്‍ നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനുമായി നയതന്ത്ര ബന്ധത്തിനു തുടക്കമിട്ടിരുന്നു. പിന്നാലെയാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്തുന്നാനൊരുങ്ങുന്നത്.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം കുറച്ചുകാലങ്ങളായി മോശമാണ്. അതിര്‍ത്തി കടന്ന് ആക്രമണം നടത്തുന്ന തീവ്രവാദികള്‍ക്ക് അഫ്ഗാന്‍ ഭരണകൂടം അഭയം നല്‍കുന്നുണ്ടെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. ഇപ്പോള്‍ പരസ്പരം അംബാസഡര്‍മാരെ നിയമിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനമെടുത്തിട്ടുണ്ട്. ചൈന ഉള്‍പ്പെടെ ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിന്റെ അംബാസഡര്‍മാരെ അംഗീകരിച്ചിട്ടുള്ളത്.














