
ന്യൂഡല്‍ഹി : തുടര്‍ച്ചയായ അഞ്ചാം ദിവസവും നിയന്ത്രണ രേഖയില്‍ പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍ സൈന്യം. ഇന്നലെ രാത്രിയിലും നിയന്ത്രണ രേഖയ്ക്ക് കുറുകെ പാകിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തി. കുപ്വാര, ബാരാമുള്ള ജില്ലകള്‍ക്ക് എതിര്‍വശത്തുള്ള പ്രദേശങ്ങളെയും അഖ്‌നൂര്‍ സെക്ടറിനെയും ലക്ഷ്യമിട്ടായിരുന്നു വെടിവയ്പ്പ്.
പ്രകോപനത്തിനെതിരെ ഇന്ത്യന്‍ സൈന്യം കൃത്യമായും ഫലപ്രദമായും പ്രതികരിച്ചുവെന്ന് ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഏപ്രില്‍ 22 ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ സുരക്ഷാ സേന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനാല്‍ നിയന്ത്രണ രേഖയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ഭീകരാക്രമണത്തിന് മറുപടിയായി, 1960 ലെ സിന്ധു ജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചതും അട്ടാരിയിലെ സംയോജിത ചെക്ക് പോസ്റ്റ് ഉടന്‍ അടച്ചുപൂട്ടിയതും ഉള്‍പ്പെടെ നിരവധി ശക്തമായ നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു.
ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചും പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സൈന്യത്തിന്റെ തയ്യാറെടുപ്പിനെക്കുറിച്ചും വിശദീകരിക്കാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തിങ്കളാഴ്ച ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. 40 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയാണ് നടന്നത്. സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഇന്നലെ വൈകുന്നേരം മന്ത്രിസഭാ സുരക്ഷാ സമിതി (സിസിഎസ്) യോഗവും ചേര്‍ന്നു. എല്ലാ സേനകള്‍ക്കും ജാഗ്രത പാലിക്കാന്‍ പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.