ജയിലിൽ കിടക്കവെ പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പുതിയ കുരുക്ക്, അല്‍ ഖാദിര്‍ ട്രസ്റ്റ് ഭൂമി അഴിമതി കേസിൽ 14 വർഷം തടവ്, ഭാര്യക്ക് 7 വ‍ർഷം ശിക്ഷ

ഇസ്‌ലാമാബാദ്: തോഷഖാന അഴിമതി കേസില്‍ ജയിലിൽ കിടക്കുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് അല്‍ ഖാദിര്‍ ട്രസ്റ്റ് ഭൂമി അഴിമതി കേസിലും ശിക്ഷ വിധിച്ച് കോടതി. ഇമ്രാനൊപ്പം ഭാര്യ ബുഷ്‌റ ബീബിക്കും കോടതി തടവ് ശിക്ഷ വിധിച്ചു. ഇമ്രാന് 14 വർഷവും ബുഷ്‌റക്ക് ഏഴ് വര്‍ഷവുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

അല്‍ ഖാദിര്‍ ട്രസ്റ്റ് ഭൂമി കേസില്‍ പാക്കിസ്ഥാന്‍ അഴിമതി വിരുദ്ധ കോടതിയാണ് മുൻ പ്രധാനമന്ത്രിക്കും ഭാര്യക്കും ശിക്ഷ വിധിച്ചത്. 2023 ഡിസംബറില്‍ ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ ഇമ്രാനും ഭാര്യക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

അല്‍ ഖാദിര്‍ സര്‍വ്വകലാശാല സ്ഥാപിച്ചതില്‍ പൊതു ഖജനാവിന് അയ്യായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഇമ്രാനും ബുഷറയും മറ്റ് ആറു പേരുമാണ് കേസിലെ പ്രതികള്‍. ഇരുവരും ഒഴികെയുള്ളവര്‍ വിദേശത്ത് ആയതിനാല്‍ വിചാരണ നടത്തിയിട്ടില്ല.