ഇന്ത്യക്കുനേരെ ഭീഷണിസന്ദേശവുമായി പാക് ഫീൽഡ് മാർഷൽ അസിം മുനീർ; പാകിസ്‌താൻ ഇനി തിരിച്ചടിക്കുക അതി തീവ്രമായി

ഇസ്ലാമാബാദ്: ഇന്ത്യക്കുനേരെ ഭീഷണിസന്ദേശവുമായി പാക് ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്‌താൻ്റെ പ്രതിരോധ മേധാവിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിലാണ് അസിം മുനീർ ഭീഷണിയുയർത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഭാഗത്തുനിന്നു ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ പാകിസ്‌താന്റെ ഭാഗത്തുനിന്നും കൂടുതൽ വേഗതയേറിയതും കഠിനവും തീവ്രവുമായ തിരിച്ചടിയുണ്ടാകുമെന്ന് അസിം മുനീർ മുന്നറിയിപ്പ് നൽകി.

പാകിസ്താൻ സമാധാനപരമായി മുന്നോട്ടുപോകുന്ന രാജ്യമാണ്. അതേസമയം, രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയേയോ പരമാധികാരത്തെയോ പരീക്ഷിക്കാൻ ആരെയും അനുവദിക്കില്ലെന്നും
ഏതെങ്കിലും ആക്രമണമുണ്ടായാൽ പാകിസ്‌താന്റെ പ്രതികരണം ഇതിലും വേഗതയുള്ളതും തീവ്രവുമായിരിക്കില്ല എന്ന മിഥ്യാധാരണ ഇന്ത്യ വെച്ചുപുലർത്തരുതെന്നും അസിം മുനീർ കൂട്ടിച്ചേർത്തു.

സായുധ സേനാംഗങ്ങളോട് സംസാരിക്കവെയായിരുന്നു മുനീറിന്റെ പ്രകോപനപരമായ പരാമർശം. ചടങ്ങിൽ പാകിസ്‌താൻ്റെ കരസേന, നാവികസേന, വ്യോമസേന വിഭാഗങ്ങളിൽ നിന്നുള്ളവർ മുനീറിന് ഗാർഡ് ഓഫ് ഓണർ നൽകി. പാകിസ്‌താൻ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ദു, നാവികസേന മേധാവി അഡ്‌മിറൽ നവീദ് അഷ്റഫ് എന്നിവരടക്കം മൂന്ന് സായുധ സേനകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞയാഴ്ചയാണ് പാകിസ്‌താൻ്റെ മൂന്ന് പ്രതിരോധ സേനകളുടെയും മേധാവിയെന്ന പുതിയ സ്ഥാനം അസിം മുനീർ ഏറ്റെടുത്തത്.

Pakistan Field Marshal Asim Munir issues threat message against India; Pakistan will now retaliate in a very severe manner

More Stories from this section

family-dental
witywide