
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പൂർണമായി വിച്ഛേദിക്കാനുള്ള നീക്കത്തിലേക്ക് കടന്ന് ഇന്ത്യ. സിന്ധു നദീജല കരാർ മരവിച്ചത് കർശനമായി നടപ്പാക്കാനും തീരുമാനത്തിന് പിന്നാലെ ഷിംല കരാർ ഒപ്പുവച്ച മേശപ്പുറത്ത് നിന്ന് പാക് പതാകയും ഇന്ത്യ ഒഴിവാക്കി. ഷിംല കരാറടക്കം മരവിപ്പിക്ക പാക്കിസ്ഥാന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇന്ത്യ പതാക നീക്കിയത്. ഹിമാചൽ രാജ്ഭവനിൽ വച്ചാണ് 1972 ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും പാക് പ്രസിഡന്റായിരുന്ന സുൾഫിക്കർ അലി ഭൂട്ടോയും ചേർന്ന് ഷിംല കരാർ ഒപ്പുവച്ചത്. ഹിമാചൽ രാജ്ഭവനിലെ കീർത്തി ഹാളിൽ ഇരു രാജ്യങ്ങളുടെയും പതാകയോടുകൂടി കരാർ ഒപ്പുവച്ച തടി മേശ ചരിത്രസ്മാരകം എന്നപോലെ സംരക്ഷിച്ചിരുന്നു. ഈ പതാകയാണ് ഇപ്പോൾ എടുത്തുമാറ്റിയത്.
1971ലെ ഇന്ത്യാ–പാക്കിസ്ഥാൻ യുദ്ധത്തിനുശേഷം 1972ലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഷിംല കരാർ നിലവിൽ വരുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ കാലങ്ങളായി തുടരുന്ന പല സംഘർഷങ്ങൾക്കും അവസാനം കുറിക്കുക എന്നത് ലക്ഷ്യമിട്ടുകൊണ്ടായിരുന്നു കരാർ. മൂന്നാമതൊരാളുടെ ഇടപെടലില്ലാതെ തർക്കങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും എന്നതായിരുന്നു അതിൽ പ്രധാനം. ഇതിൽ മാറ്റം വരുന്നതോടെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. പാക്കിസ്ഥാൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണം എന്ന് ഇതിനകം ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. വാഗ–അട്ടാരി അതിർത്തി പൂർണമായി അടച്ചു.
പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ച തീരുമാനം കർശനമായി നടപ്പാക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. പാകിസ്ഥാന് വെള്ളം നല്കാതിരിക്കാനുള്ള പദ്ധതി തയ്യാറെന്ന് കേന്ദ്രം വ്യക്തമാക്കി. ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിലുള്ള 3 പദ്ധതികൾ തയ്യാറാക്കിയെന്ന് ജല മന്ത്രി വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യോഗത്തിൽ പങ്കെടുത്തിരുന്നു. കരാർ മരവിപ്പിക്കുന്നത് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്വാഗതം ചെയ്തിരുന്നു.