
ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാനിലൂടെയുള്ള വ്യോമപാത ഏപ്രിൽ 24 മുതൽ ജൂൺ 20 വരെ അടച്ചതിനെ തുടർന്ന് പാകിസ്‌താൻ എയർപോർട്ട് അതോറിറ്റിക്ക് കോടികളുടെ നഷ്ടം. രണ്ടുമാസത്തെ വ്യോമപാത അടച്ചിടൽ പാകിസ്ഥാന് വരുത്തിവച്ചിരിക്കുന്നത് 125 കോടി (400 കോടി പാകിസ്‌താൻ രൂപ) രൂപയുടെ നഷ്ടമാണെന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ഏപ്രിൽ 24 മുതൽ ജൂൺ 30 വരെയുള്ള വരുമാനനഷ്ടം ഓവർ ഫ്‌ലൈയിംഗ് ചാർജുകളുമായി ബന്ധപ്പെട്ടതാണെന്നും, ഇത് നേരത്തെ റിപ്പോർട്ട് ചെയ്‌ത തുകയേക്കാൾ കുറവാണെന്നും പാകിസ്ഥാൻ ഫെഡറൽ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല ഉടമ്പടി ഇന്ത്യ റദ്ദാക്കിയതിനെ പിന്നാലെയാണ് വ്യോമാതിർത്തി അടച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 2025 ഓഗസ്റ്റ് 24 വരെ ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചിടുന്നത് പാകിസ്ഥാൻ നീട്ടി. ആഭ്യന്തര വ്യോമാതിർത്തിയിൽ പാകിസ്ഥാൻ വിമാനങ്ങളുടെ വിലക്ക് ഓഗസ്റ്റ് 23 വരെ ഇന്ത്യ നീട്ടിയതായി കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ അറിയിച്ചു.