ന്യൂഡൽഹി: പാകിസ്‌താന് 10 യുദ്ധവിമാനങ്ങളാണ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയുടെ ആക്രമണത്തിൽ നഷ്‌ടപ്പെട്ടതെന്നും പാകിസ്താന് സ്വന്തം അതിർത്തിക്കുള്ളിൽ പോലും പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്നും വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്. 93-ാ മത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്‌താൻ്റെ അഞ്ച് യുദ്ധവിമാനങ്ങളെ ഇന്ത്യ വെടിവെച്ച് വീഴ്ത്തി. പാകിസ്‌താന്റെ എഫ്-16 ഉൾപ്പെടെ വ്യോമതാവളങ്ങളിൽ സൂക്ഷിച്ചിരുന്ന അഞ്ച് യുദ്ധവിമാനങ്ങൾ തകർത്തുവെന്നും അദ്ദേഹം പറഞ്ഞു.
കര, നാവിക, വ്യോമ സേനകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും യു.എ.വി പ്രതിരോധ സംവിധാനങ്ങളും എല്ലാം വ്യോമസേനയുടെ കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റെറിൻ്റെ സംയുക്ത നിയന്ത്രണത്തിൽ പ്രവർത്തിച്ചപ്പോൾ അതൊരു നിർണ്ണായക വഴിത്തിരിവായി. രാജ്യത്തിൻ്റെ സർഫസ്-ടു-എയർ മിസൈലുകൾ (എസ്.എ.എം) ഇന്ത്യക്ക് അനുകൂലമായി സാഹചര്യങ്ങളെ മാറ്റിമറിച്ചു. നമ്മൾ ലക്ഷ്യം ഭേദിച്ചത് ഉപഗ്രഹ ചിത്രങ്ങൾ കാണിച്ചുതന്നു. വെടിനിർത്തലിനും ശത്രുത അവസാനിപ്പിക്കാനും അവർ ആവശ്യപ്പെടുന്ന ഒരു ഘട്ടത്തിലേക്ക് അവരെ എത്തിക്കാൻ കഴിഞ്ഞതിനാൽ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഒരു രാജ്യമെന്ന നിലയിൽ തീരുമാനമെടുക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്‌താന്റെ 300 കിലോമീറ്ററിലധികം ഉള്ളിലായി സ്ഥിതി ചെയ്‌തിരുന്ന കുറഞ്ഞത് അഞ്ച് ഹൈ-ടെക് യുദ്ധവിമാനങ്ങളും ഒരു അവാക്സും (എയർബോൺ വാണിസിങ് ആൻഡ് കൺട്രോൾ സിസ്റ്റം) വെടിവെച്ചിടാൻ ഇന്ത്യക്ക് കഴിഞ്ഞു. മിക്കവാറും എഫ്-16 വിമാനങ്ങളായേക്കാവുന്ന 4-5 ശത്രു വിമാനങ്ങൾക്ക് നിലത്ത് വെച്ച് കേടുപാടുകൾ സംഭവിച്ചു. നാല് റഡാറുകൾ, രണ്ട് കമാൻഡ് സെന്ററുകൾ, ഒരു ഹാംഗർ, ഒരു സി-130 ക്ലാസ് ഗതാഗത വിമാനം, മൂന്നോ നാലോ യുദ്ധവിമാനങ്ങൾ, ഒരു എസ്.എ.എം സംവിധാനം എന്നിവയും ഇന്ത്യ തകർത്തു.
ഓപ്പറേഷൻ സിന്ദൂരിന് ശേഷം വ്യോമസേനയുടെ പ്രസക്തി മുന്നോട്ട് വന്നു. യുദ്ധത്തിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്നു. അടുത്ത യുദ്ധം മുൻപത്തേത് പോലെയാവില്ല നമ്മൾ ഭാവിക്കായി തയ്യാറെടുക്കണം. വ്യോമസേനയുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. സുദർശൻ ചക്ര വ്യോമ പ്രതിരോധ സംവിധാനത്തിൽ മൂന്ന് സേനകളും പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














