
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുകയാണ്. ഭീകരാക്രമണത്തിന് പകരംചോദിക്കാന്‍ സൈന്യങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെരാത്രി അറിയിച്ചിരുന്നു. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാന്‍ സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും മോദി വ്യക്തമാക്കി. ഇതോടെ, ഏത് സമയത്തും പാക്കിസ്ഥാന്‍ ആക്രമണം പ്രതീക്ഷിക്കുന്നുണ്ട്. അതിനിടെ, 36 മണിക്കൂറിനുള്ളില്‍ സൈനിക നടപടി നടത്താന്‍ ഇന്ത്യ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കി പാകിസ്ഥാന്‍ മന്ത്രി രംഗത്ത്.
‘വിശ്വസനീയമായ ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചുവെന്നും, അടുത്ത 24-36 മണിക്കൂറിനുള്ളില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ സൈനിക നടപടി ആസൂത്രണം ചെയ്യുന്നുണ്ടെന്നും പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തൗല്ല തരാര്‍ പറഞ്ഞു. അത്തരം നടപടി ഉണ്ടായാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യക്ക് മുന്നറിയിപ്പും മന്ത്രി നല്‍കി.
പാകിസ്ഥാന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാനുള്ള ദൃഢനിശ്ചയം ആവര്‍ത്തിച്ചുകൊണ്ട്, ‘വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന്റെയും അതിന്റെ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം ഇന്ത്യയ്ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 26 പേരുടെ മരണത്തിന് കാരണമായ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന് പങ്കില്ലെന്നും, ‘അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളുടെ’ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ ‘ജഡ്ജി, ജൂറി, ആരാച്ചാര്‍’ എന്നീ റോളുകള്‍ വഹിക്കുന്നുണ്ടെന്ന് പറഞ്ഞ തരാര്‍ സത്യം കണ്ടെത്തുന്നതിനായി നിഷ്പക്ഷമായ വിദഗ്ദ്ധ കമ്മീഷന്റെ വിശ്വസനീയവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.













