
ഭോപ്പാല്‍: പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും തിരിച്ചുപിടിക്കമെന്നും എന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ” ഇന്ത്യയെന്ന വീടിന്റെ ഒരു മുറിയാണ് പാക് അധിനിവേശ കശ്മീര്‍, ആ മുറിയില്‍ അന്യരാണ് താമസിക്കുന്നത്, ആ മുറി തിരിച്ചുപിടിക്കണം”- മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങളെ ചൊല്ലി ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്താനെ വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പ്രസ്താവന എത്തിയത്. മധ്യപ്രദേശിലെ സത്നയില്‍ നടന്ന പരിപാടിയിലാണ് ഭാഗവതിന്റെ പ്രതികരണം.
‘പല സിന്ധി സഹോദരന്മാരും ഇവിടെ ഇരിക്കുന്നുണ്ട്. എനിക്ക് വളരെ സന്തോഷമുണ്ട്. അവര്‍ പാകിസ്ഥാനിലേക്ക് പോയില്ല, അവര്‍ അവിഭക്ത ഇന്ത്യയിലേക്കാണ് പോയത്… സാഹചര്യങ്ങള്‍ ഞങ്ങളെ ആ വീട്ടില്‍ നിന്ന് ഇവിടേക്ക് അയച്ചു, കാരണം ആ വീടും ഈ വീടും വ്യത്യസ്തമല്ല,’ അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ മുഴുവന്‍ ഒരു വീടാണ്. പക്ഷേ, എന്റെ മേശയും കസേരയും വസ്ത്രങ്ങളും സൂക്ഷിച്ചിരുന്ന ഒരു മുറി ആരോ എടുത്തുമാറ്റി. അവര്‍ അത് കൈയടക്കി, നാളെ എനിക്ക് അത് തിരികെ എടുക്കണം. അതിനാല്‍ നമ്മള്‍ അവിഭക്ത ഇന്ത്യയെ ഓര്‍ക്കണം, ‘ അദ്ദേഹം പറഞ്ഞു. പാക് ഭരണകൂടത്തിനെതിരെ തദ്ദേശവാസികള്‍ പ്രതിഷേധിക്കുന്നതിനാല്‍ പിഒകെയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ആര്‍എസ്എസ് മേധാവിയുടെ ഈ പരാമര്‍ശം.