
ന്യൂഡല്‍ഹി : പഹല്‍ഹഗാം ആക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാന്‍. പാകിസ്ഥാന്‍ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ആക്രമണങ്ങള്‍ സ്ഥിരീകരിച്ചു.
‘ഈ ഭീരുവും ലജ്ജാകരവുമായ ആക്രമണം ഇന്ത്യയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ നിന്നാണ് നടത്തിയത്. വ്യോമസേനാ ജെറ്റുകള്‍ പാകിസ്ഥാന്റെ ഇടത്തേക്ക് കടന്നുവരാന്‍ അവരെ ഒരിക്കലും അനുവദിച്ചിരുന്നില്ല,’ പാകിസ്ഥാന്‍ സൈനിക വക്താവ് പറഞ്ഞു.
‘ഇന്ത്യ അടിച്ചേല്‍പ്പിച്ച ഈ യുദ്ധത്തിന് ഉചിതമായ മറുപടി നല്‍കാന്‍’ തന്റെ രാജ്യത്തിന് എല്ലാ അവകാശവുമുണ്ടെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചു. ‘ശത്രുവിനെ എങ്ങനെ നന്നായി കൈകാര്യം ചെയ്യണമെന്ന് പാകിസ്ഥാന്‍ രാഷ്ട്രത്തിനും പാകിസ്ഥാന്‍ സായുധ സേനയ്ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാന്‍ സൈന്യം വിശദീകരിച്ചു. ആക്രമണത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റെന്നും ഇന്ത്യ തകര്‍ത്തതില്‍ ആളുകള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സുകളും ഉണ്ടെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടു. അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്നും പാക് ലെഫ്. ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.









