യുദ്ധ ഭീഷണിയുമായി പാക് പ്രധാനമന്ത്രി, രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് തിരിച്ചടിക്കുമെന്ന് പ്രഖ്യാപനം; എന്തും നേരിടാൻ സജ്ജമായി ഇന്ത്യ

ലാഹോർ: ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്ക് നടത്തിയ ഇന്ത്യക്കെതിരെ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച് യുദ്ധ ഭീഷണിയുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് രാത്രി പാക് ജനതയെ അഭിസംബോധന ചെയ്തു. ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കിയ ഷഹബാസ്, പാക്കിസ്ഥാന് ഒരടി പിന്നോട്ടില്ലെന്നും തിരിച്ചടി നൽകാൻ ഏതറ്റം വരെയും പോകുമെന്നും പറഞ്ഞു. പാകിസ്ഥാനിൽ ചിതറിയ ഓരോ തുള്ളി രക്തത്തിന് പകരം ചോദിക്കുമെന്നും അത് എങ്ങനെയെന്ന് പാക്കിസ്ഥാന് അറിയാമെന്നും ഷഹബാസ് കൂട്ടിച്ചേർത്തു.

നേരത്തെ പാക് ദേശീയ അസംബ്ലിയിലും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യയുടെ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നാണ് ദേശീയ അസംബ്ലിയില്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അഭിപ്രായപ്പെട്ടത്. സൈന്യത്തിന് പൂര്‍ണ്ണ ഉത്തരവാദിത്തം നല്‍കിയിരിക്കുകയാണ്. അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ തകര്ത്തുവെന്നും അവകാശപ്പെട്ടു. ഇന്ത്യക്കിതിരായ ആക്രമണത്തിനുള്ള സമയവും സാഹചര്യവും സൈന്യത്തിന് സ്വീകരിക്കാമെന്നാണ് ഷഹബാസ് വ്യക്തമാക്കിയിരിക്കുന്നത്. ജമ്മുകാശ്മീര്‍, ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തികളാണ് പാകിസ്ഥാന്‍ ഉന്നം വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം പാകിസ്ഥാൻ ആക്രണത്തിന് മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടുവരുമെന്ന് ഇന്ത്യ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളോടടക്കം ഇക്കാര്യത്തിൽ ഇന്ത്യ നിലപാടറിയിച്ചിട്ടുണ്ട്. പാകിസ്ഥാൻ ഇനി ആക്രമണത്തിന് മുതിർന്നാൽ ഇന്ത്യ ശക്തമായി തിരിച്ചിടിക്കും. പാകിസ്ഥാന്‍റെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചിട്ടുണ്ട്.