
ദോഹ: ഇസ്രയേലിന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദോഹയിലെത്തി. ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ദോഹയിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗവും തിങ്കളാഴ്ച അറബ്-ഇസ്‌ലാമിക് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടിയും നടക്കും. ഇസ്രയേലിന്റെ ആക്രമണത്തിനുള്ള പ്രതികരണം ചർച്ച ചെയ്യുന്നതിനാണ് ഈ യോഗങ്ങൾ.
ഇസ്രയേലിന്റെ ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ഖത്തർ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇസ്രയേലിനെതിരെ നടപടിയെടുക്കുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ജാസിം അൽ താനി അറിയിച്ചു. പ്രതികരണത്തിന്റെ രൂപം എന്തായിരിക്കണമെന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.