
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തോടെ ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളാകുന്നതിനിടെ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) തുടര്‍ച്ചയായ നാലാം രാത്രിയും പാകിസ്ഥാന്‍ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് തുടര്‍ന്നതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയില്‍, കുപ്വാര, പൂഞ്ച് ജില്ലകള്‍ക്ക് എതിര്‍വശത്തുള്ള പ്രദേശങ്ങളിലെ നിയന്ത്രണ രേഖയ്ക്ക് കുറുകെ പാകിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവച്ചു. ഇതോടെ ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പൂഞ്ച് സെക്ടറില്‍ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്റെ പങ്ക് വ്യക്തമായതോടെ ഇന്ത്യ കടുത്ത നടപടിയിലേക്ക് കടന്നിരുന്നു. ഇതോടെ അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടര്‍ച്ചയാകുകയാണ്. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കല്‍, അട്ടാരി കര ഗതാഗത പോസ്റ്റ് ഉടന്‍ അടച്ചുപൂട്ടല്‍ എന്നിവയുള്‍പ്പെടെ നിരവധി കര്‍ശന നടപടികളുമായി ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നല്‍കിയിരുന്നു.
പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. ഇവരില്‍ രണ്ട് പേര്‍ പാകിസ്ഥാന്‍ പൗരന്മാരാണെന്നും അവരെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യന്‍ വിമാനങ്ങളെ വിലക്കി വ്യോമ പാത അടയ്ക്കുകയും, സിംല കരാര്‍ ഉള്‍പ്പെടെ ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും നിര്‍ത്തിവയ്ക്കുന്ന നടപടി പാകിസ്ഥാനും സ്വീകരിച്ചിട്ടുണ്ട്.