
ലാഹോർ: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിക്ക് ഇന്ത്യ സജ്ജമാകുന്നതിനിടെ അമേരിക്കയുടെ പിന്തുണ തേടി പാകിസ്ഥാൻ. സംഘർഷ സാഹചര്യം അമേരിക്കയുമായി പാകിസ്ഥാൻ ചർച്ച നടത്തി. പാക് പ്രധാനമന്ത്രി യു എസ് വിദേശകാര്യ സെക്രട്ടറിയുമായാണ് ചർച്ച നടത്തിയത്. യുദ്ധമുണ്ടായാൽ പിന്തുണ നൽകണമെന്ന ആവശ്യമടക്കം പാകിസ്ഥാൻ മുന്നോട്ടുവച്ചതായാണ് സൂചന. നിലവിലെ സാഹചര്യത്തിൽ ഇടപെടണമെന്നും പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി വിവരമുണ്ട്.
അതിനിടെ ഭീകരാക്രമണത്തിന് തിരിച്ചടിക്ക് മുന്നേ വ്യോമമേഖലയിൽ പാകിസ്ഥാന് ഇന്ത്യ വിലക്കേർപ്പെടുത്തി. പാകിസ്ഥാനിൽ നിന്നുള്ള യാത്രാ – സൈനിക വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിലേക്ക് പ്രവേശനം വിലക്കി. പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്തതും, പാകിസ്ഥാനിൽ പ്രവർത്തിക്കുന്നതും പാകിസ്ഥാനിൽ ഉടമകളുള്ളതും പാകിസ്ഥാൻ വിമാനക്കമ്പനികൾ ലീസിനെടുത്തതുമായ വിമാനങ്ങൾക്കാണ് വിലക്ക്. പാക് സൈനിക വിമാനങ്ങൾക്കും നിരോധനമുണ്ട്. എന്നാൽ പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് വരുന്ന വിദേശ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് വിലക്കില്ല.