500 മില്യൺ ഡോളറിന് വേണ്ടി യുഎസിലേക്ക് അത്യപൂർവ ധാതുക്കൾ കയറ്റുമതി ചെയ്ത് പാകിസ്താൻ, രാജ്യത്ത് പ്രതിഷേധം ശക്തം

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താൻ, യുഎസ് കമ്പനിയുമായുള്ള കരാറിനെത്തുടർന്ന് അത്യപൂർവവും സുപ്രധാനവുമായ ധാതുക്കൾ യുഎസിലേക്ക് കയറ്റുമതി ചെയ്തു. സെപ്റ്റംബറിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഭാഗമായി, ആന്റിമണി, കോപ്പർ കോൺസൺട്രേറ്റ്, നിയോഡൈമിയം, പ്രസിയോഡൈമിയം തുടങ്ങിയ അപൂർവ ഭൗമ മൂലകങ്ങൾ അടങ്ങിയ സാമ്പിൾ ഷിപ്പ്മെന്റാണ് അയച്ചത്. യുഎസ് സ്ട്രാറ്റജിക് മെറ്റൽസ് (യുഎസ്എസ്എം) പാകിസ്താന്റെ ഫ്രോണ്ടിയർ വർക്ക്സ് ഓർഗനൈസേഷനുമായി (എഫ്‌ഡബ്ല്യുഒ) സഹകരിച്ച് ധാതു പര്യവേക്ഷണത്തിനും സംസ്കരണത്തിനുമായി 500 മില്യൺ ഡോളർ നിക്ഷേപിക്കുമെന്നാണ് കരാർ.

ഈ കയറ്റുമതിയെ ഇരുരാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലായി യുഎസ്എസ്എം വിശേഷിപ്പിച്ചു. ധാതുക്കളുടെ പര്യവേക്ഷണം, സംസ്കരണം, ശുദ്ധീകരണം തുടങ്ങിയ മൂല്യശൃംഖലയിലെ സമഗ്ര സഹകരണമാണ് പദ്ധതി ലക്ഷ്യമിടുന്നത്. മിസോറി ആസ്ഥാനമായ യുഎസ്എസ്എമ്മിന്റെ പ്രധാന പ്രവർത്തനം സുപ്രധാന ധാതുക്കളുടെ ഉത്പാദനവും പുനരുപയോഗവുമാണ്. ഡോൺ റിപ്പോർട്ട് പ്രകാരം, പാകിസ്താന്റെ ധാതുസമ്പത്ത് 6 ട്രില്യൺ ഡോളറിന്റേതാണ്, എന്നാൽ പല ബഹുരാഷ്ട്ര കമ്പനികളും പ്രതീക്ഷിച്ച ശേഖരം കണ്ടെത്താതെ മടങ്ങിയ ചരിത്രമുണ്ട്.

ഈ കരാറും കയറ്റുമതിയും പാകിസ്താനിൽ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി, യുഎസുമായുള്ള കരാറുകളുടെ പൂർണ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പിടിഐയുടെ ഇൻഫർമേഷൻ സെക്രട്ടറി ഷെയ്ഖ് വഖാസ് അക്രം, ‘രഹസ്യ ഇടപാടുകളുടെ’ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide