
പഹൽഗാം ഭീകരാക്രമണത്തെത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനുമായി തുടങ്ങിയ സംഘർഷം ലഘൂകരിക്കാനും യുദ്ധം ഒഴിവാക്കാനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് അമേരിക്കയിലെ പാകിസ്ഥാൻ അംബാസഡർ അഭ്യർത്ഥിച്ചതായി റിപ്പോർട്ട്. ഇന്ത്യ – പാകിസ്ഥാൻ തർക്കം പരിഹരിക്കാൻ ട്രംപ് ഇടപെടണമെന്നും ഇല്ലെങ്കിൽ കാര്യങ്ങൾ യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെന്ന് അമേരിക്കയിലെ പാകിസ്ഥാൻ അംബാസഡർ റിസ്വാൻ സയീദ് ഷെയ്ഖ് അഭ്യർഥിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത് ലഘൂകരിക്കാൻ അമേരിക്ക ഇടപെടലുകൾ തുടങ്ങിയിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബുധനാഴ്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സംസാരിച്ചു, തീവ്രവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കാനുള്ള യുഎസിന്റെ പ്രതിബദ്ധത വീണ്ടും ആവർത്തിച്ചു, കശ്മീരിലെ “മനസ്സാക്ഷിയില്ലാത്ത” ആക്രമണം അന്വേഷിക്കുന്നതിൽ പാകിസ്ഥാന്റെ സഹകരണം ആവശ്യപ്പെട്ടു.














