
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യന്‍ പോസ്റ്റുകളിലും പ്രകോപനവുമായി പാക് സൈന്യം. വെടിവയ്പ്പിനോട് പ്രതികരിച്ച് ഇന്ത്യന്‍ സേനയും തിരിച്ചു വെടിവെച്ചു. ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനു ദിവസങ്ങള്‍ക്കുശേഷമാണ് വെടിവയ്പ്പ്. ഇന്ത്യന്‍ സേനയുടെ ഭാഗത്തുനിന്നും ഫലപ്രദമായ പ്രതികരണം ഉണ്ടായെന്നും എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഭീകരാക്രമണത്തില്‍ പാക്ക് ബന്ധം സ്ഥിരീകരിച്ചതോടെ പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടിയിലേക്ക് കടന്നിരിക്കുകയാണ്. തിരിച്ചടി ഭീതി ഉയരുന്നതിനിടെയാണ് പാക്കിസ്ഥാന്‍ പ്രകോപനപരമായ വെടിവയ്പ്പ് നടത്തുന്നത്. പാക്കിസ്ഥാന്‍ സൈനിക നയതന്ത്രജ്ഞരെ പുറത്താക്കല്‍, 6 ദശാബ്ദത്തിലേറെ പഴക്കമുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കല്‍, അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) അടച്ചുപൂട്ടല്‍ തുടങ്ങിയ നിരവധി കര്‍ശന നടപടികളാണ ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വീകരിച്ചത്.
ഇന്ത്യയുടെ നടപടിക്കു ബദലായി പാക് വ്യോമ പാത അടയ്ക്കുന്നതും ഇന്ത്യന്‍ പൗരന്മാരുടെ വീസ റദ്ദാക്കുന്നതും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.