അതിർത്തി കടന്ന പാക് ദമ്പതികൾ മരുഭൂമിയിൽ വെള്ളം ലഭിക്കാതെ മരിച്ചു

ജയ്‌സൽമേർ: ഇന്ത്യയിൽ താമസിക്കാനായി അതിർത്തി കടന്നെത്തിയ പാക്കിസ്ഥാൻ ദമ്പതികൾ മരുഭൂമിയിൽ വെള്ളം കിട്ടാതെ മരിച്ചു. . പാക്കിസ്ഥാനിൽ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ് മരിച്ചത്. കനത്ത ചൂടിൽ നിർജലീകരണം കാരണമാണ് മരണം സംഭവിച്ചതെന്നും ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് യുവാവിന്റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വെച്ചിരിക്കുന്ന ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്.

നാല് മാസം മുൻപ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിർപുർ മാഥേലോയിൽ വെച്ച് വിവാഹിതരായ രവികുമാറും ശാന്തി ബായിയും ഇന്ത്യയിൽ താമസിക്കാൻ ആഗ്രഹിച്ചിരുന്നു. തുടർന്ന് ഇരുവരും വീസയ്ക്ക് അപേക്ഷിച്ചിരുന്നു. ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ സാഹചര്യത്തിൽ ഇരുവരുടെയും അപേക്ഷ നിരസിക്കപ്പെട്ടുകയായിരുന്നു.

തുടർന്ന് രാജ്യാന്തര അതിർത്തി മറികടക്കാൻ കുടുംബത്തിന്റെ എതിർപ്പു വകവെയ്ക്കാതെ ഇവർ തീരുമാനിക്കുകയായിരുന്നു. അനധികൃതമായി അതിർത്തി കടന്ന ഇരുവരും മരുഭൂമിയിൽ കുടുങ്ങുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ഇന്ത്യൻ സർക്കാർ വിട്ടു കൊടുത്താൽ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ബന്ധുക്കൾ അറിയിച്ചു.

More Stories from this section

family-dental
witywide