
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് വീണ്ടും പാക് പ്രകോപനം. ജമ്മുവിലും പഞ്ചാബിലുമടക്കം ആക്രമണം നടത്താനെത്തിയ പാക് ഡ്രോണുകളും മിസൈലുകളും യുദ്ധവിമാനങ്ങളും ഇന്ത്യന്‍ വെടിവെച്ചിട്ടു. ആക്രമിക്കാനെത്തിയ അമ്പതോളം ഡ്രോണുകളും എട്ട് മിസൈലുകളും മൂന്ന് പാക് വിമാനങ്ങളും ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു.
പാകിസ്താന്റെ ഒരു എഫ് -16 വിമാനവും 2 JF 17 വിമാനങ്ങളുമാണ് വെടിവെച്ചിട്ടത് . യുദ്ധത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കരുത് എന്ന നിബന്ധനയോടെ പാകിസ്താന് അമേരിക്ക കൈമാറിയതാണ് എഫ്-16.
തിരിച്ചടിക്കായി ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ സജ്ജമായി എന്നാണ് വിവരം. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ മിസൈല്‍ ഏറ്റാണ് പാക് യുദ്ധവിമാനങ്ങള്‍ തകര്‍ന്നത്. പാകിസ്താന്‍ പോര്‍വിമാനങ്ങള്‍ ഉപയോഗിച്ചതോടെ സംഘര്‍ഷത്തിന്റെ സ്വഭാവം മാറിയിരിക്കുകയാണ്. പാക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യ അവയെ വെടിവെച്ചിട്ടു. യുദ്ധസജ്ജമായി ഇന്ത്യന്‍ നാവികസേനയും ചലിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യാഴാഴ്ച സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. സ്ഫോടനശബ്ദങ്ങള്‍ക്ക് മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ എത്തിയത്.
ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങള്‍ക്ക് ഈ ഡ്രോണുകളെ പൂര്‍ണമായും വെടിവെച്ചിടാന്‍ സാധിച്ചതായാണ് ലഭ്യമായ വിവരം. ഉയര്‍ന്ന ശബ്ദത്തിലുള്ള സ്ഫോടനങ്ങള്‍ ബോംബിങ്, ഷെല്ലിങ്, മിസൈല്‍ സ്ട്രൈക്കിങ് എന്നിവയുടേതാകാമെന്നാണ് സൂചന.
ഇന്ത്യയെ ആക്രമിക്കാന്‍ അയച്ച യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് സമ്മതിച്ച് പാകിസ്താന്‍. തങ്ങളുടെ രണ്ട് ജെ.എഫ്-17 യുദ്ധവിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടതെന്ന് പാകിസ്താന്‍ അറിയിച്ചു. പാകിസ്താന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍ ആണ് യുദ്ധവിമാനം നഷ്ടപ്പെട്ടകാര്യം അറിയിച്ചത്. മാത്രമല്ല പാകിസ്താന്റെ ഈസ്റ്റേണ്‍ കോറിഡോര്‍ മേഖലയില്‍ കനത്ത നാശം ഇന്ത്യയുടെ പ്രത്യാക്രമണത്തിലുണ്ടായി എന്നും ഡിജിഐഎസ്പിആര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു. പാകിസ്താന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. സമാധാനത്തിന് വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറയുന്നു.
Pakistani Missiles Intercepted In Jammu India shot down pak fighter jets