
ബെയ്ജിങ് : ചൈന അതീവരഹസ്യമായി സൂക്ഷിക്കുന്ന സൈനിക കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ ഓഫ് ചൈന(AVIC)യിലാണ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭരണഘടനാപ്രകാരമുള്ള തലവനായ സര്‍ദാരി ഞായറാഴ്ച സന്ദര്‍ശനം നടത്തിയത്. സര്‍ദാരിക്കു മുമ്പ് എവിഐസി മറ്റൊരു രാഷ്ട്ര തലവനും സന്ദര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി, പ്രഥമ വനിത അസീഫ ഭൂട്ടോ സര്‍ദാരി എന്നിവരും ആസിഫ് അലി സര്‍ദാരിക്കൊപ്പമുണ്ടായിരുന്നു. 10 ദിവസത്തെ സന്ദര്‍ശനത്തിനാണ് സര്‍ദാരി ചൈനയിലെത്തിയത്.
സൈനിക കേന്ദ്ര സമുച്ചയം ചുറ്റിനടന്നു കണ്ട പാക്ക് പ്രസിഡന്റിനോട് ചൈനീസ് അധികൃതര്‍ അവിടുത്തെ ഏറ്റവും നൂതനമായ ആയുധങ്ങള്‍, യുദ്ധവിമാനങ്ങള്‍, അത്യാധുനിക സംവിധാനങ്ങള്‍ എന്നിവയെ കുറിച്ച് വിവരിച്ചെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, സൈനിക മേധാവി അസിം മുനീര്‍ എന്നിവരുടെ ചൈനീസ് സന്ദര്‍ശനത്തിനു പിന്നാലെയാണ് ആസിഫ് അലി സര്‍ദാരിയും ചൈന സന്ദര്‍ശിക്കുന്നത്.