
ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ജമ്മുകാശ്മീരിലെ ജനവാസ കേന്ദ്രത്തില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ജമ്മുവിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. രാജ് കുമാര്‍ താപ്പ എന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. ഇദ്ദേഹം അഡീഷണല്‍ ജില്ലാ വികസന കമ്മീഷണറായിരുന്നു. രജൗരിയിലെ അദ്ദേഹത്തിന്റെ വസതിയിലുണ്ടായ ആക്രമണത്തിലാണ് ഇദ്ദേഹം മരിച്ചത്. മേഖലയില്‍ പാക്കിസ്ഥാന്റെ ഷെല്‍ ആക്രമണവും ഡ്രോണ്‍ ആക്രമണവുമുണ്ടായി.
ദാരുണമായ മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആ ഉദ്യോഗസ്ഥന്‍ തന്നോടൊപ്പം ഒരു ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തിരുന്നുവെന്നും തന്റെ ഞെട്ടലും ദുഃഖവും പ്രകടിപ്പിക്കാന്‍ വാക്കുകളില്ലെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.
‘രജൗരിയില്‍ നിന്നുള്ള ദുഃഖകരമായ വാര്‍ത്ത. ജമ്മു കശ്മീര്‍ അഡ്മിനിസ്‌ട്രേഷന്‍ സര്‍വീസസിലെ ഒരു മികച്ച ഉദ്യോഗസ്ഥനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ഇന്നലെ അദ്ദേഹം ഡെപ്യൂട്ടി മുഖ്യമന്ത്രിയോടൊപ്പം ജില്ലയില്‍ ചുറ്റി സഞ്ചരിച്ചിരുന്നു, ഞാന്‍ അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തു. ഇന്ന് ഉദ്യോഗസ്ഥന്റെ വസതിയില്‍ പാക് ഷെല്ലാക്രമണം ഉണ്ടായി, പാക്കിസ്ഥാന്‍ രജൗരി പട്ടണത്തെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം നടത്തിയത്. ശ്രീ രാജ് കുമാര്‍ താപ്പ കൊല്ലപ്പെട്ടു. ഈ ഭയാനകമായ മരണത്തില്‍ എന്റെ ഞെട്ടലും ദുഃഖവും പ്രകടിപ്പിക്കാന്‍ എനിക്ക് വാക്കുകളില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ,’ മുഖ്യമന്ത്രി എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.









