
തിരുവനനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയെ അപമാനിക്കുന്നതിനും സൈബർ അധിക്ഷേപം നടത്തിയതിനും അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഇനി ജയിൽ വാസം. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൂജപ്പുര ജില്ലാ ജയിലിലേക്കാകും രാഹുലിനെ മാറ്റുക. അതിജീവിതക്കെതിരെ പൊതുവേദികളിലും സോഷ്യൽ മീഡിയയിലും നടത്തിയ അപമാനപരമായ പ്രസ്താവനകളും ദൃശ്യങ്ങളും അടങ്ങിയ തെളിവുകൾ കോടതി അവഗണിക്കാൻ കഴിയാത്തതാണെന്ന് വ്യക്തമാക്കി.
അറസ്റ്റ് സുപ്രീംകോടതി ഉത്തരവ് ലംഘനമാണെന്ന് രാഹുൽ ഈശ്വർ കോടതിയിൽ വാദിച്ചു. നോട്ടീസ് നൽകാതെ പിടികൂടിയെന്നും, നോട്ടീസ് കൈമാറ്റം ചെയ്ത് 40 മിനിറ്റ് കഴിഞ്ഞാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. പ്രോസിക്യൂഷൻ നോട്ടീസ് നൽകിയിരുന്നുവെന്നും, അത് ഈശ്വർ കൈപ്പറ്റിയില്ലെന്നും വാദിച്ചു. സർവൈവറിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി അപമാനിച്ച പ്രവർത്തനങ്ങൾ ഗുരുതരമാണെന്നും ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ എതിർത്തു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
റിമാൻഡ് റിപ്പോർട്ട് പ്രകാരം ഈശ്വറിന്റെ ലാപ്ടോപ്പിൽ സർവൈവറിന്റെ ചിത്രങ്ങളും വീഡിയോകളും അടങ്ങിയിരിക്കുന്നു, അവ അപമാനകരമായ തരത്തിലുള്ളവയാണ്. ഇത്തരം പ്രവർത്തനങ്ങൾ സ്ഥിരമായി നടത്തുന്നയാളാണെന്നും മറ്റ് സമാന കേസുകളുണ്ടെന്നും പൊലീസ് രേഖപ്പെടുത്തി. അതേസമയം ലൈംഗിക പീഡന കേസിലെ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ തിരയുന്ന പൊലീസ് അദ്ദേഹത്തിന്റെ പാലക്കാട് ഫ്ലാറ്റിൽ പരിശോധന നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാനം വിട്ടതയാണ് സൂചന.










