
പാലക്കാട് : ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്കൂളിലെ ഒൻപതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിപ്പോർട്ട് തേടി ജില്ലാ കലക്ടർ. സ്കൂളിൽ ഒരു പീഡനവും നടന്നിട്ടില്ലെന്ന് പ്രിൻസിപ്പാളും വിദ്യാർഥിനിക്ക് കണക്ക് പരീക്ഷയിൽ മാർക്ക് കുറവായതിനാൽ മറ്റൊരു ക്ലാസ്സിലേക്ക് മാറ്റിയിരുന്നുവെന്നും അത് സത്യമാണെന്നും സ്കൂൾ മാനേജ്‌മെൻ്റും പറഞ്ഞു. സ്കൂളിൽ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥർ എത്തി തെളിവെടുത്തു.
ചോളോട് സ്വദേശിനിയായ ആശീർ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര മാർക്ക് കുറഞ്ഞത്തിന്റെ പേരിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ പ്രശാന്തും ബന്ധുക്കളും ആരോപിച്ചു. ഒൻപതാം ക്ലാസിൽ ക്ലാസ് തുടങ്ങി മാസങ്ങൾ പിന്നിട്ട ശേഷം ഡിവിഷൻ മാറ്റിയിരുത്തി സ്വന്തം കൈപ്പടയിൽ ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം ക്ലാസിൽ തന്നെ പഠനം തുടരാം എന്ന് വിദ്യാർഥിനിയെക്കൊണ്ട് എഴുതി വാങ്ങിച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു.