മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത; പാലക്കാട് ആദിവാസിയെ ആറ് ദിവസം മുറിയില്‍ പൂട്ടിയിട്ടു; പ്രാഥമിക ആവശ്യങ്ങൾക്കുപോലും പുറത്തുവിട്ടില്ല, 62 കാരിയായ തോട്ടം ഉടമ അറസ്റ്റില്‍

പാലക്കാട് : ആദിവാസിയായ മധ്യവയസ്‌കനോട് ക്രൂരതകാട്ടി ആറ് ദിവസം മുറിയില്‍ പൂട്ടിയിട്ടു. സംഭവത്തില്‍ 62 കാരിയായ തോട്ടം ഉടമ അറസ്റ്റില്‍. മുതലമട ഊര്‍കുളംകാട് പഴനിച്ചാമിയുടെ ഭാര്യ രംഗനായകിയെയാണ് (62) ഊര്‍ക്കുളംകാട്ടിലെ ഹോംസ്റ്റേയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ ഇവരുടെ മകന്‍ പ്രഭു(42)നായി തിരച്ചില്‍ കൊല്ലങ്കോട് പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

മൂച്ചക്കുണ്ട് ചമ്പക്കുഴിയില്‍ താമസിക്കുന്ന വെള്ളയനെയാണ് (54) ഊര്‍കുളം കാട്ടില്‍ സ്വകാര്യ ഫാം സ്റ്റേയിലെ മുറിയില്‍ ആറ് ദിവസം ഹോം സ്റ്റേ ഉടമകളായ രംഗനായകിയും മകന്‍ പ്രഭുവും പൂട്ടിയിട്ട് പീഡിപ്പിച്ചത്. ഭക്ഷണം പോലും നല്‍കാതെയും പ്രാഥമിക ആവശ്യങ്ങള്‍പോലും നിര്‍വ്വഹിക്കാന്‍ അനുവദിക്കാതെയായിരുന്നു കൊടുംക്രൂരത. അതിനിടെ ഇയാളെ മുറിയില്‍ പൂട്ടിയിട്ട വിവരം പുറത്ത് എത്തിച്ചതിനെ തുടര്‍ന്ന് കാണാതായ ഹോം സ്റ്റേ തൊഴിലാളി തമിഴ്‌നാട് നെല്‍വേലി സ്വദേശി തിരുനാവുക്കരശിനെ (68) ഊര്‍ക്കുളം കാട്ടില്‍നിന്ന് ശനിയാഴ്ച രാവിലെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

അതേസമയം, പ്രതികളിലൊരാള്‍ പിടിയിലായതോടെ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്ന സമരം താല്‍ക്കാലികമായി മാറ്റിവെച്ചു.