
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനോട് വീണ്ടും ക്രൂരത. പണ്ട് ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിന്‍റേതിന് സമാനമായ ക്രൂരമർദനമാണ് അഗളി ചിറ്റൂർ ആദിവാസി ഊരിലെ സിജു വേണു (19)വിനാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ 24നായിരുന്നു സംഭവം നടന്നത്. വാഹനത്തിന് മുന്നിൽ ചാടി വീണെന്ന് ആരോപിച്ചായിരുന്നു യുവാവിനെ വിവസ്ത്രനാക്കി പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്. മുഖത്തും പുറത്തും കൈക്കും പരുക്കേറ്റ യുവാവ് ചികിത്സയിലാണ്.
“കഴുത്തിന് പിടിച്ച് നിൽക്കുന്നതാണ് ഞങ്ങൾ കണ്ടത്. പിന്നെ ചെകിടത്ത് അടിക്കുകയും ചെയ്തു. കഴുത്തിൽ നിന്ന് പിടി വിട്ടപ്പോൾ ദേഷ്യം വന്നിട്ട് മർദനമേറ്റ യുവാവ് കല്ലെടുത്ത് ആക്രമിച്ചവരെ എറിഞ്ഞു. അവൻ മാറിയപ്പോൾ കല്ല് ചെന്ന് വണ്ടിയുടെ മിററിൽ കൊണ്ടു. പിന്നീട് കയറിൽ കെട്ടിവലിച്ച് മർദിക്കുകയും, ഏകദേശം രണ്ടുമണിക്കൂർ കെട്ടിയിടുകയുമായിരുന്നു”, ദൃക്‌സാക്ഷി പറഞ്ഞതിങ്ങനെയാണ്.
ഷോളയൂർ സ്വദേശി ജോയി എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് വണ്ടി. വാഹന ഉടമയുടെ പരാതിയിൽ അഗളി പൊലീസ് ക്രൂരമർദ്ദനമേറ്റ യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് വിവരം. യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ലെന്നും സൂചനയുണ്ട്.












