
യുകെയിലെ വെംബ്ലി നഗരത്തിലെ നിരത്തുകളിൽ മുറുക്കിത്തുപ്പിയ കറയുടെ വിഡിയോ പങ്കുവെച്ച് പത്രപ്രവർത്തകയായ ബ്രൂക്ക് ഡേവിസ്. വെറും 30 മിനിറ്റ് നടന്നപ്പോൾ അമ്പതോളം കറകളാണ് താൻ എണ്ണിയതെന്നും നടപ്പാതകളിൽപോലും പാൻ മുറുക്കിത്തുപ്പിയ പാടുകളാണെന്നും അവർ വീഡിയോയിൽ പറയുന്നു.
‘ലണ്ടനിലെ ഈ തവിട്ടുനിറത്തിലുള്ള കറകൾ നിങ്ങൾ കണ്ടിട്ടുണ്ടോ? ഞാൻ ഇന്ന് ഇത് എണ്ണിക്കൊണ്ടിരിക്കുകയാണ്. ഇത് രസകരമായ പ്രവൃത്തിയാണ്’ എന്ന് അവർ പരിഹാസരൂപേണ വീഡിയോയിൽ പറയുന്നു. അടയ്ക്ക, പുകയില എന്നിവയുടെ മിശ്രിതമായ പാൻ തുപ്പുന്നതാണ് ഈ കറകൾക്ക് കാരണം. പ്രദേശവാസികൾക്കും കച്ചവടക്കാർക്കും ഇത് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഇതിന്റെ ഉപയോഗം നിരോധിക്കണമെന്ന ആവശ്യമാണ് അവർ മുന്നോട്ടുവെയ്ക്കുന്നതെന്നും ബ്രൂക്ക് വ്യക്തമാക്കുന്നു.
‘ലണ്ടനിലെ തവിട്ടുനിറത്തിലുള്ള കറകളെക്കുറിച്ച് സംസാരിക്കാം’ എന്ന ക്യാപ്ഷനോടെയാണ് അവർ ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചത്. ഇത് വിൽക്കുന്ന വ്യക്തിയോട് ചോദിച്ചപ്പോൾ ഏതോ ഒരു ചെറിയ വിഭാഗം ആളുകൾ മാത്രമാണ് ഇങ്ങനെ മുറുക്കി തുപ്പുന്നുള്ളു എന്ന് പറഞ്ഞുവെന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഈ നിയമത്തെ പിന്തുണയക്കുന്നുവെന്നും ഇത് നിരോധിക്കണമെന്നുമായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഇമിഗ്രേഷൻ എന്നാൽ അവസരങ്ങൾ നൽകുന്ന നാടിനെ ഇല്ലാതാക്കാനുള്ള സ്വാതന്ത്ര്യമല്ലെന്നും ഒരാൾ കുറിച്ചു. ഇത് വളരെ നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും ഇങ്ങനെ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ നൽകണമെന്നുമായിരുന്നു ഒരു കമന്റ്.
pan masala strains in London streets













