ലൈസൻസ് രേഖ അച്ചടിക്കാനുള്ള പ്രത്യേക പേപ്പർ എത്താത്തത് മൂലം ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് നൽകുന്നത് നിലച്ചു. ഇതോടെ വിദേശത്തേത്ത് പോകുന്ന നൂറുകണക്കിന് ആളുകൾ ഇതുമൂലം ബുദ്ധിമുട്ടിലായി. അപേക്ഷ നൽകി 1500 രൂപയും അടച്ചാൽ ഐഡിപി ഇതുവരെ വേഗത്തിൽ ലഭിച്ചിരുന്നു. എന്നാൽ ഒരു മാസമായി രേഖ ലഭിക്കുന്നില്ല. നാസിക്കിലെ കേന്ദ്ര പ്രസ്സിൽ നിന്നുള്ള പ്രത്യേക പേപ്പറിലാണ് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് അച്ചടിക്കുന്നത്. പേപ്പർ എത്താത്തതാണ് ഐഡിപി നൽകുന്നത് നിലക്കാൻ കാരണമെന്ന് ആർടിഒ പറയുന്നു.
നാട്ടിൽ ലൈസൻസ് ഉള്ളവർക്ക് വിദേശരാജ്യങ്ങളിൽ എത്തിയാൽ അവിടെ വാഹനം ഓടിക്കാനുള്ള പ്രത്യേക അനുമതി രേഖയാണ് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് അഥവാ ഐഡിപി. വിദേശ രാജ്യങ്ങളിൽ എത്തിയാൽ വേഗത്തിൽ അവിടത്തെ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ എളുപ്പമല്ല. പല രാജ്യങ്ങളിലും ഐഡിപി ഉപയോഗിക്കാൻ മൂന്നുമാസം മുതൽ ഒരു വർഷം വരെയൊക്കെ അനുമതി നൽകാറുണ്ട്. ചില രാജ്യങ്ങളിൽ ആറുമാസം എങ്കിലും താമസിച്ചു കഴിഞ്ഞവർക്കേ അവിടുത്തെ ലൈസൻസ് ലഭിക്കൂ.
അതുവരെ ഇവിടെ നിന്നുള്ള ഐഡിബി ഉപയോഗിക്കാം. ഐഡിപി ഉള്ളവർക്ക് വിദേശ രാജ്യങ്ങളിൽ അവിടത്തെ ലൈസൻസ് എടുക്കാനും എളുപ്പമാണ്. അതേസമയം,വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് അപേക്ഷകരുടെ ആവശ്യപ്പെട്ടു.
Paper is not arriving from the central press in Nashik; issuance of international driving permits has stopped in the state











