പറന്നുയർന്ന ഉടനെ പാരാഗ്ലൈഡർ തകർന്നു വീണു; ഹിമാചലിൽ പൈലറ്റിന് ദാരുണാന്ത്യം, വിനോദസഞ്ചാരിക്ക് പരിക്ക്

മണ്ഡി : ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലുള്ള പ്രശസ്തമായ ബീർ ബില്ലിംഗ് പാരാഗ്ലൈഡിംഗ് സൈറ്റിൽ ഉണ്ടായ അപകടത്തിൽ പൈലറ്റ് മരിക്കുകയും വിനോദസഞ്ചാരിക്ക് പരിക്കേൽക്കുകയും ചെയ്തു. മണ്ഡി ജില്ലയിലെ ബരോട്ട് സ്വദേശിയായ മോഹൻ സിംഗ് ആണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇദ്ദേഹം മരണപ്പെട്ടത്. പശ്ചിമ ബംഗാളിലെ കൊൽക്കത്ത സ്വദേശിയായ പാർത്ഥ് ദാവെയ്ക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകി, നിലവിൽ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

പറന്നുയർന്ന ഉടനെ പാരാഗ്ലൈഡറിന് ഉണ്ടായ സാങ്കേതിക തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ട് താഴെയുള്ള റോഡിന് സമീപം തകർന്നു വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അപകടത്തെത്തുടർന്ന് ബീർ ബില്ലിംഗിലെ പാരാഗ്ലൈഡിംഗ് പ്രവർത്തനങ്ങൾ അധികൃതർ താൽക്കാലികമായി നിർത്തിവച്ചു.

ബീർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 2025-ൽ ഹിമാചലിൽ സംഭവിക്കുന്ന മൂന്നാമത്തെ പ്രധാന പാരാഗ്ലൈഡിംഗ് അപകടമാണിത്. ജൂലൈ മാസത്തിൽ ഇന്ദ്രുനാഗിലുണ്ടായ അപകടത്തിൽ ഗുജറാത്ത് സ്വദേശിയായ വിനോദസഞ്ചാരി മരിച്ചിരുന്നു.

Paraglider crashes shortly after takeoff; Pilot dies, tourist injured in Himachal.

More Stories from this section

family-dental
witywide