പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം, 15 ബില്ലുകള്‍ അവതരിപ്പിക്കും; രാവിലെ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി : ഒരുമാസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അടുത്തമാസം 21 വരെ 21 സിറ്റിംഗ് ഉണ്ടാകും. സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും.

പഹല്‍ഗാം ഭീകരാക്രമണം, ഇന്ത്യാ – പാക് സംഘര്‍ഷത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടല്‍, ബീഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌കരണം, എയര്‍ ഇന്ത്യ വിമാനാപകടം തുടങ്ങിയ വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മാത്രമല്ല, പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ ഇതുവരെ പിടികൂടാത്തതും ഓപ്പറേഷന്‍ സിന്ദൂറില്‍ 5 വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന ട്രംപിന്റെ അവകാശവാദങ്ങളും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചേക്കും. ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ ട്രംപുന്നയിക്കുന്ന അവകാശവാദങ്ങില്‍ കേന്ദ്രത്തിന്റെ മറുപടിയും പ്രതിപക്ഷം തേടും.

ഔദ്യോഗിക അജണ്ട പ്രകാരം, പാര്‍ലമെന്റ് ഈ സമ്മേളനത്തിലുടനീളം 15 ബില്ലുകള്‍ അവതരിപ്പിക്കും. മണിപ്പൂര്‍ ജി എസ് ടി ഭേദഗതി ബില്‍, ജന്‍ വിശ്വാസ് ബില്‍, മൈനസ് ആന്‍ഡ് മിനറല്‍സ് ബില്‍, ഐഐ എം ഭേദഗതി ബില്‍, നാഷണല്‍ ആന്റി ഡോപ്പിങ്ങ് ബില്ലടക്കം പുതിയ എട്ടു ബില്ലുകളാണ് ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കുക.

അതേസമയം, നേരത്തെ അവതരിപ്പിച്ച ഏഴ് ബില്ലുകളിലും ചര്‍ച്ച നടത്തും. ആദായനികുതി ബില്‍, ഇന്ത്യന്‍ പോര്‍ട്‌സ് ബില്ലടക്കമാണ് നേരത്തെ അവതരിപ്പിച്ചിരുന്നത്.

More Stories from this section

family-dental
witywide