കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടത്തിന്റെ ഭാഗം പൊളിഞ്ഞു വീണു ; കുട്ടിയടക്കം മൂന്നുപേര്‍ക്ക് പരുക്ക്, ഉപയോഗത്തില്‍ ഇല്ലാതിരുന്ന കെട്ടിടമാണിതെന്ന് മന്ത്രി വീണ

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിലെ പതിനാലാം വാര്‍ഡിലെ കെട്ടിടം പൊളിഞ്ഞുവീണുണ്ടായ അപകടത്തില്‍ കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. അഞ്ച് വയസുള്ള ഒരു കുട്ടിക്കും, സ്ത്രീയ്ക്കും, മറ്റൊരാള്‍ക്കുമാണ് പരുക്കേറ്റത്. സര്‍ജറി ഓര്‍ത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.

ഉപയോഗിക്കാതെ കിടന്ന പതിനാലാം വാര്‍ഡിന്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകര്‍ന്ന് വീണത്. അഗ്‌നിരക്ഷാ സേനയും, പൊലീസും അടക്കമുള്ള സ്ഥലത്തെത്തിയിട്ടുണ്ട്. കാലപ്പഴക്കമുള്ള കെട്ടിടത്തിന്റെ ഭാഗമാണ് തകര്‍ന്നുവീണത്. അപകടമുണ്ടായതോടെ പതിനാലാം വാര്‍ഡിന്റെ മറ്റു ഭാഗങ്ങളില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മാറ്റിയിട്ടുണ്ട്.

അതേസമയം, ഉപയോഗത്തില്‍ ഇല്ലാതിരുന്ന കെട്ടിടമാണ് പൊളിഞ്ഞു വീണതെന്ന് മന്ത്രി വി എന്‍ വാസവനും, ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജും പ്രതികരിച്ചത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പത്താം വാര്‍ഡിന്റെ ശുചിമുറിയോട് ചേര്‍ന്നാണ് പൊളിഞ്ഞ കെട്ടിടം നിലനിന്നിരുന്നതെന്നും, ഇവിടെ നിന്നവരാകണം അപകടത്തില്‍പ്പെട്ടതെന്നും ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വി ജയകുമാര്‍ പ്രതികരിച്ചു. തകര്‍ന്നുവീണ കെട്ടിടത്തിന്റെ താഴത്തെ രണ്ടുനിലയില്‍ ബലക്ഷയം കണ്ടെത്തിയിരുന്നുവെന്നും അതിനാല്‍ പൂര്‍ണമായും അടച്ചിട്ടിരുന്നതാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.

More Stories from this section

family-dental
witywide